കൊച്ചി: ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരമുള്ള ചികിത്സാക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിനു കന്പനി 66,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
വിഷ്വല്‍ ഇന്റേണല്‍ യൂറിത്രോടോമി (വിഐയു) എന്ന ശസ്ത്രക്രിയയ്ക്കു യൂറിനറി സ്റ്റോണ്‍ ചികിത്സയ്ക്കു നിഷ്കര്‍ഷിച്ച സബ്ലിമിറ്റ് ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാര്‍വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. ചാലക്കുടി സ്വദേശിയായ ഐപ്പ് പി. ജോസഫ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇന്‍ഷ്വറന്‍സ് പോളിസിയിലെ വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സയ്ക്കു ബാധകമാക്കാന്‍ കഴിയില്ല.
ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇത്തരം നടപടികള്‍ അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും ഇന്‍ഷ്വറന്‍സ് ഉടമ്പടിക്ക് വിരുദ്ധവുമാണ്. ഇതു സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാരരീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. വിനു എലിസബത്ത് ശശി കോടതിയില്‍ ഹാജരായി.

