ന്യൂയോർക്ക്: ഡിഎൻഎയുടെ ‘ഇരട്ടപ്പിരിയൻ ഗോവണി ഘടന’ കണ്ടെത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ 97-ാം വയസിൽ അന്തരിച്ചു.
1869ൽ ഡിഎൻഎ കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും അതിന്റെ ഘടന ശാസ്ത്രലോകത്തിനു ദുരൂഹമായിരുന്നു. വാട്സണും ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കും ചേർന്നു നടത്തിയ ഗവേഷണങ്ങളാണ് 1953ൽ ഡിഎൻഎ ഘടന കണ്ടെത്താൻ സഹായിച്ചത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ഇതിന്റെ പേരിൽ ഇരുവരും ന്യൂസിലൻഡിൽ ജനിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ മൗറീസ് വിൽകിൻസും 1962ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കുവച്ചു.
അതേസമയം, വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങൾ ആവർത്തിച്ചു നടത്തിയ വാട്സണെ ശാസ്ത്രലോകം പിന്നീട് ഒറ്റപ്പെടുത്തുകയുണ്ടായി. ഇതേത്തുടർന്ന് വാട്സൺ 2014ൽ തന്റെ നൊബേൽ മെഡൽ വില്പനയ്ക്കു വച്ചു. 48 ലക്ഷം ഡോളറിന് മെഡൽ വാങ്ങിയ റഷ്യൻ ശതകോടീശ്വരൻ വാട്സണുതന്നെ അതു തിരികെ നൽകി.

