സൂററ്റ്: മേഘാലയയുടെ ഇരുപത്തഞ്ചുകാരൻ പേസര്‍ ആകാശ് ചൗധരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്താളില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് ഇനി ആകാശ് ചൗധരിക്കു സ്വന്തം. അരുണാചല്‍പ്രദേശിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് 11 പന്തില്‍ അര്‍ധസെഞ്ചുറിയുമായി ആകാശ് അദ്ഭുതമായത്. 2012ല്‍ കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്റെ വെയ്ന്‍ വൈറ്റ് എസെക്സിനെതിരേ 12 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ കണക്കുകള്‍ ലഭ്യമായിത്തുടങ്ങിയതിനുശേഷം സമയത്തിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് ആകാശ് ചൗധരിയുടേത്. വെറും ഒമ്പത് മിനിറ്റില്‍ ആകാശ് 50 തികച്ചു. 1965ല്‍ ക്ലൈവ് ഇന്മാന് എട്ട് മിനിറ്റില്‍ ലെസ്റ്റര്‍ഷെയറിനായി അര്‍ധസെഞ്ചുറി നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.
ഓവറില്‍ 6 സിക്സ്
14 പന്തില്‍ എട്ട് സിക്സിന്റെ അകമ്പടിയോടെ 50 റണ്‍സുമായി ആകാശ് ചൗധരി പുറത്താകാതെ നിന്നു. എട്ടാം നമ്പറായി ക്രീസിലെത്തിയ ആകാശിന്റെ ഇന്നിംഗ്സ് തുടങ്ങിയത് 0, 1, 1 എന്നിങ്ങനെയായിരുന്നു. തുടര്‍ന്ന് ലെഗ് സിന്നര്‍ ലിമര്‍ ദാബി എറിഞ്ഞ 126-ാം ഓവറിലെ ആറ് പന്തും ആകാശ് സിക്സര്‍ പറത്തി. പിന്നീട് ടി.എന്‍.ആര്. മോഹിത്തിന്റെ രണ്ട് പന്തുകളിലും സിക്സര്‍ നേടിയായിരുന്നു ആകാശിന്റെ മിന്നല്‍ ഫിഫ്റ്റി. തുടര്‍ച്ചയായി എട്ട് സിക്സാണ് ആകാശ് പറത്തിയത്. 0, 1, 1, 6, 6, 6, 6, 6, 6, 6, 6; ഇതായിരുന്നു ആകാശിന്റെ 11 പന്തില്‍ 50 നോട്ടൗട്ട്.
സോബേഴ്സ്, ശാസ്ത്രി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്സ് നേടുന്ന മൂന്നാമനാണ് ആകാശ്, രണ്ടാമത് ഇന്ത്യക്കാരനും. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ് (1968), ഇന്ത്യന്‍ മുന്‍താരം രവി ശാസ്ത്രി (1985) എന്നിവരാണ് മുമ്പ് ഒരു ഓവറിലെ ആറ് പന്തിലും സിക്സ് നേടിയവര്‍. ദക്ഷിണാഫ്രിക്കന്‍ മുന്‍താരം മൈക്ക് പ്രോക്ടറും തുടരെ ആറ് സിക്സ് നേടിയിട്ടുണ്ടെങ്കിലും രണ്ട് ഓവറുകളിലാണത്.

