കോട്ടയം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നോണം നെല്ലിന് സര്‍ക്കാര്‍ പേരിനു മാത്രം വില കൂട്ടിയപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊള്ളനിരക്കില്‍ വാടകനിരക്ക് കൂട്ടി. നെല്ല് വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിച്ചിരിക്കെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂര്‍ വാടക 200 രൂപ കൂട്ടി. മണിക്കൂറിന് 2,200 രൂപയാണ് ഇക്കൊല്ലത്തെ നിരക്ക്.
ഒന്നുകില്‍ ഈര്‍പ്പം, അല്ലെങ്കില്‍ പതിര് അതുമല്ലെങ്കില്‍ കലര്‍പ്പ് എന്നീ കാരണങ്ങള്‍ പറഞ്ഞ് മില്ലുകാര്‍ തുടക്കത്തില്‍തന്നെ കിഴിവ് ചോദിക്കുന്നു. മിനിമം മൂന്നു കിലോയാണ് വെച്ചൂര്‍, തലയാഴം പ്രദേശങ്ങളില്‍ മില്ലുകാര്‍ കിഴിവ് ഈടാക്കുന്നത്. കിഴിവ് മില്ലുകളുടെ അവകാശമാണെന്ന മനോഭാവമാണ് സപ്ലൈകോ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്.
നനവുള്ള നെല്ലിന് എട്ടു കിലോ വിരെ കിഴിവ് കൊടുക്കണം. അപ്പര്‍കുട്ടനാട്ടിലെ മിക്ക പാടങ്ങളിലും ഇന്നലെ മുതല്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തുലാമഴ ശക്തിപ്പെടുന്നതിനു മുന്‍പ് കൊയ്ത്തും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വെച്ചൂര്‍ പൂവത്തിക്കരി പാടശേഖരസമിതി സെക്രട്ടറി ബി. റെജി പറഞ്ഞു.
ഇവിടെ 537 ഏക്കറിലാണ് നെല്‍കൃഷി. നെല്ലിലെ ഈര്‍പ്പം അളക്കാനുള്ള യന്ത്രം കര്ഷകര്ക്കില്ലാത്തതാണ് ചൂഷണം ഇത്രയേറെ വര്‍ധിക്കാന്‍ കാരണം. കൊയ്യുന്ന നെല്ല് പാടത്ത് കിടന്ന് ഉണങ്ങും തോറും തൂക്കം കുറഞ്ഞുകൊണ്ടിരിക്കും. നിലവില്‍ കോട്ടയം ജില്ലയില്‍ മൂന്നു മില്ലുകള്‍ മാത്രമാണ് സംഭരണത്തിനുള്ളത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് നിലവില്‍ നെല്ല് സംഭരിക്കുന്നില്ല.

