ന്യൂഡൽഹി: പുൽവാമ ആക്രമണക്കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജെയ്ഷെ ഇ മുഹമ്മദിന്റെ വനിതാവിഭാഗത്തിൽ. ജെയ്ഷെ കമാൻഡറായിരുന്ന ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്.
ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പാണ് ഇവർ സംഘടനയിൽ ചേർന്നത്. 2019 ൽ ജമ്മു കാഷ്മീരിലെ ഡാച്ചിഗാം നാഷനൽ പാർക്കിൽ നടന്ന ഏറ്റുമുട്ടലിലാണ് ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമായ അഫീറ ബിബി ഇപ്പോൾ വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതി) അംഗം കൂടിയാണ്. മസൂദ് അസറിന്റെ ഇളയ സഹോദരി സാദിയ അസറും സംഘടനയുടെ തലപ്പത്തുണ്ട്. ഇവരോടൊപ്പമാണ് പ്രവർത്തനം.
കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് സാദിയയുടെ ഭർത്താവ് ഭീകരൻ യൂസഫ് അസ്ഹർ. ഇയാൾ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത് അഫീറ ബിബിയും.
ഒക്ടോബർ എട്ടിനാണ് മസൂദ് അസർ ജെയ്ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് വനിതാ ബ്രിഗേഡിലൂടെ ജെയ്ഷെ ശ്രമിക്കുന്നത്.

