തിരുവനന്തപുരം: പ്രപഞ്ചത്തെയും ഭൂമിയുടെ ജീവസ്പന്ദനങ്ങളെയും മനുഷ്യമനസിന്റെ നിറഭേദങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന ചിത്രങ്ങളുടെയും അർഥവത്തായ കലാ സൃഷ്ടികളുടെയും മഹാപ്രപഞ്ചം. കോളജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറിയിലും മൗവ് ആർട്ട് ഗാലറിയിലുമായി കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിനെ അങ്ങനെ വിശേഷിപ്പിക്കാം.
150 ചിത്രകാരന്മാർ വരച്ച പെയിന്റിംഗുകളും കലാശില്പങ്ങളും ഇൻസ്റ്റലേഷനുകളും ഭൂമിയുടെയും ജനതയുടെയും അവയുടെ നിലനിൽപ്പിന്റെയും നെടുവീർപ്പുകളുടെയും കഥ പറയുന്നു. പ്രശസ്ത ചിത്രകാരായ ബി.ഡി.ദത്തൻ, പ്രഫ. കാട്ടൂർ നാരായണപിള്ള, പ്രദീപ് പുത്തൂർ, വി.എൻ. അജി , കാരയ്ക്കാമണ്ഡപം വിജയകുമാർ,നേമം പുഷ്പരാജ്,സജിത ശങ്കർ, ടി.ആർ. ഉദയകുമാർ മുതൽ കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ വിദ്യാർഥികൾ വരെ ഈ വർഷകാല ചിത്രകലയുടെ ഉത്സവത്തിൽ അണിചേരുന്നു.
വൈവിധ്യമാർന്ന നിറങ്ങളിൽ, ജലച്ചായവും എണ്ണച്ചായവും അക്രലിക്കും ഉൾപ്പെടുന്ന വ്യത്യസ്ത മാധ്യമങ്ങളിൽ, മൂർത്തവും അമൂർത്തവും ഉൾച്ചേരുന്ന സങ്കേതങ്ങളിൽ ചിത്രകലയുടെ സമഗ്രത ആവിഷ്കൃതമാവുകയാണ്. സ്വപ്ന സദൃശ്യമായ ലോകത്തേക്ക് ആസ്വാദകരെ ആനയിക്കുന്ന ചിത്രകാരൻ ബി.ഡി ദത്തന്റെ ബോട്ടാണിക്കൽ ഫാന്റസി പെയിന്റിംഗ് അപൂർവ ചാരുത.
സസ്യ ലോകത്തിന്റെ മാസ്മരിക കാഴ്ച വിശാലമായ ഈ പെയിന്റിംഗ് പകർന്നു നൽകുന്നുണ്ട്. കേരള ലളിത കലാ അക്കാദമി മുൻ ചെയർമാനും ചിത്രകാരനുമായ കാട്ടൂർ നാരായണപിള്ള പ്രകൃതിയുടെ രണ്ടു മുഖങ്ങളാണ് രണ്ട് ക്യാൻവാസുകളിൽ നിറച്ചിരിക്കുന്നത്. മഴക്കാലത്തെ പ്രകൃതി യുടെ നിറഞ്ഞൊഴുക്കും മഴയില്ലാത്ത സമയത്തെ വരണ്ട മുഖവും മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ സവിശേഷതയാണ്.
പ്രകൃതിയുടെ നിലനിൽപ്പിന് മനുഷ്യൻ പ്രകൃതിയുമായി ലയിച്ച് ചേർന്ന് മുന്നോട്ട് പോകേണ്ടതിന്റെ അനിവാര്യത കാരയ് ക്കാമണ്ഡപം വിജയകുമാറിന്റെ പെയിന്റിംഗ് വെളിവാക്കുന്നു. മനുഷ്യരാശിക്ക് അതിവിനാശകരമായ കൊടും യുദ്ധങ്ങളും യുദ്ധത്തിന്റെ അവശിഷ്ടങ്ങളും പ്രദീപ് പുത്തൂരിന്റെ ‘ദി ഡിവൈൻ കോമഡി ‘എന്ന പെയിന്റിംഗ് തുറന്നു കാട്ടുന്നു.
പൊട്ടി ചിതറുന്ന മനുഷ്യശരീരങ്ങളും ശിരസും നീലയും മഞ്ഞയും ഇടകലർന്ന വർണങ്ങൾ ആയും രേഖകളായും ആസ്വാദകരോട് സംവദിക്കുന്നു. ചിത്രകാരൻ മോഹിക്കുന്ന ഒരു പുതിയ ഭൂപ്രദേശം മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ ക്യൂറേറ്റർ കൂടിയായ ഉദയകുമാറിന്റെ പെയിന്റിംഗിൽ സത്യമാകുന്നു.
ഇതിനിടയിൽ പൈതൃക സമ്പത്തിന്റെ നേർകാഴ്ച എന്ന പോലെ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പഞ്ചപാണ്ഡവന്മാരെ കെട്ടിനിർത്തുന്ന ദൃശ്യം അജയകുമാറിന്റെ ക്യാൻവാസ് ഒപ്പിയെടുത്തിട്ടുണ്ട്.
പാതി ഉണങ്ങിയ പുൽമേടുകളെ പ്രീതി വടക്കത്ത് മനോഹരമാക്കുമ്പോൾ, സ്ത്രീയെ വലയം ചെയ്യുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും നൂറു നൂറു കമ്പി അഴികൾ യാമിനി മോഹന്റെ സ്ത്രീ മുഖ പെയിന്റിംഗിൽ ഭദ്രം.
സാധാരണക്കാരനായ ഒരു മനുഷ്യന്റെ മനസിന്റെയും ശരീരത്തിന്റെയും സൂക്ഷ്മതകൾ മനോജ് വയലൂരിന്റെ പെയിന്റിംഗ് പ്രകടമാക്കുന്നുണ്ട്.പുറം ശരീരത്തിന്റെ നിറവ്യത്യാസത്തിന്റെ പേരിലുള്ള വിവേചനം ശ്രീജ പള്ളത്തിന്റെ സ്ത്രീ പെയിന്റിങ്ങിൽ വ്യക്തം. ശരീരത്തിനുള്ളിൽ കടന്നാൽ ഒരൊറ്റ നിറം മാത്രം എന്ന സത്യവും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു.
ഇൻസ്റ്റലേഷൻ വിഭാഗത്തിലെ കലാകാഴ്ചകളും ഏറെ ശ്രദ്ധേയം . ചിത്രകാരനും കോളേജ് ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗ് വിഭാഗം മേധാവിയുമായ ഷിജോ ജേക്കബ് പോയ കാലത്തെ ആവിഷ്കരിക്കുന്നത് പഴയ ഷർട്ടുകളുടെയും അതിന്റെ പോക്കറ്റിൽ തിരുകിയിരിക്കുന്ന പലതരം സാമഗ്രികളിലൂടെയുമാണ്. ബസ് കൺസഷൻ, ഫൈൻ ആർട്സ് കോളേജ് വിദ്യാർഥിയായിരുന്നപ്പോൾ ആദ്യമായി സംഘടിപ്പിച്ച പെയിന്റിംഗ് എക്സിബിഷന്റെ നോട്ടീസ്, മഷി പടരുന്ന പഴയ പേന തുടങ്ങിയവ ഗൃഹാതുരത്വത്തിന്റെ ഗന്ധം അനുഭവിപ്പിക്കുന്നു.
വന നശീകരണത്തിന്റെ ദുരന്തമുഖം ടെൻസിംഗ് ജോസഫ് സൃഷ്ടിച്ചിരിക്കുന്ന ഇൻസ്റ്റലേഷനിൽ കാണാം . തലയറ്റ മാൻപേട മനുഷ്യ ക്രൂരതയുടെ കാണാക്കഥ പറയുന്നു. രാമദാസ് തോളിലിന്റെ നെൻമണികൾ പാകിയ ചെറുവീട് അതിമനോഹരം. ലിൻസി സാമുവൽ, മേഘകൂട്ടത്തിൽ നിന്നും പെയ്തിറങ്ങുന്ന മഴയെ സൃഷ്ടിച്ചിരിക്കുന്നത് പുതിയൊരു ഭാവുകത്വത്തോടെയാണ്.
നറുഗന്ധമുള്ള പുഷ്പങ്ങൾക്ക് പകരം ചെമ്പ് തകിട് കൊണ്ട് വിവാഹ മാല ഒരുക്കി സ്വന്തം വിവാഹസ്വപ്നങ്ങളുടെ അർഥശൂന്യത വെളിവാക്കുന്നു ഫൈൻ ആർട്സ് കോളജിലെ എംഎഫ്എ അവസാന വർഷ വിദ്യാർഥിയും ട്രാൻസ് ജെൻഡറുമായ വീനസ് പോൾ. ബി.എസ്. സുമേഷിന്റെ രണ്ടായി പിളർന്ന സ്ത്രീ ശരീരത്തിന്റെ ശിൽപത്തിലാകട്ടെ മാതൃത്വത്തിന്റെ മഹനീയത മുദ്ര വയ്ക്കുന്നു. ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശന സമയം. 17 വരെ തുടരും.
സ്വന്തം ലേഖിക

