ഇന്ത്യക്കാരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു ‘ഭീകരാക്രമണ’ത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഓപ്പറേഷനും ഈ നിമിഷംവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷംതോറും 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്ന വായുമലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അമിത മദ്യപാനംകൊണ്ടു മരിക്കുന്നവരേക്കാൾ ഏകദേശം ആറിരട്ടിയാണ് വായുമലിനീകരണംകൊണ്ടു മരിക്കുന്നവർ.
മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ കഴിഞ്ഞദിവസം ഡൽഹിയിൽ ഇത് ഗുരുതരമായ 421ൽ എത്തി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണെന്നാണ് ആഗോള റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സർക്കാരുകൾ നിഷ്ക്രിയമായിരിക്കുന്നത്? എന്തുകൊണ്ടാണ് മരണവക്ത്രത്തിലുള്ള ജനങ്ങളും അതിനെ ഗൗരവത്തിലെടുക്കാത്തത്? 17 മുതൽ 20 ലക്ഷം മനുഷ്യരെ കരിന്പുക കൊല്ലുന്നത് ഒരൊറ്റ സ്ഫോടനംകൊണ്ടല്ല, ഇന്ത്യയെന്ന തുറന്ന പുകപ്പുരയിലെ മരണവാസത്തിലൂടെയാണത്.
ആർക്കും നേരേ വിരൽ ചൂണ്ടരുത്. ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുന്ന നമ്മുടെ വീട്ടുപരിസരം മുതൽ വൻ വ്യവസായശാലകൾ വരെ ഈ വായുമലിനീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണമുണ്ടാകുന്നതിനു തലേന്ന് ശുദ്ധവായു അവകാശമാണെന്നു പ്രഖ്യാപിച്ച് ഇന്ത്യാ ഗേറ്റിനടുത്ത് പ്രതിഷേധത്തിനെത്തിയവരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.
പക്ഷേ, കരിയില കൂട്ടിയിട്ടു കത്തിക്കുന്നവരോടും കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചിയുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നവരോടും നാം അരുതെന്നു പറയാറില്ല. അങ്ങനെ അതീവ ഗുരുതരമായ കാർബൺ പുറംതള്ളലിനെതിരേ ഫലപ്രദമായ ഒരു നടപടിയുമെടുക്കാത്ത സർക്കാർ ഒന്നാം പ്രതിയും നമ്മളൊക്കെ കൂട്ടുപ്രതികളുമായൊരു കുറ്റപത്രമാണ് വായുമലിനീകരണക്കേസിൽ തയാറാക്കപ്പെടുന്നത്.
ഏതാനും ദിവസം മുന്‍പാണ്, ആഗോള തലത്തില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലാണെന്ന ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ 2025ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച്, ആഗോളതലത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം പേർ മരിക്കുന്നു.
ഇതിൽ 17.2 ലക്ഷവും ഇന്ത്യയിൽ! വായുമലിനീകരണ മരണങ്ങളിൽ 44 ശതമാനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. കൽക്കരിയാണ് മുന്നിൽ. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി 2,98,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങളിൽ പെട്രോള്‍ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന മലിനീകരണം 2,69,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. 2020നും 2024നും മധ്യേ കാട്ടുതീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്കു കാരണമായി.
വീടുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ മലിനീകരണം മൂലം ലക്ഷം പേരിൽ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു. 2022ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022ല്‍ ഇന്ത്യയില്‍ വായുമലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തികനഷ്ടം ജിഡിപിയുടെ 9.5 ശതമാനത്തിനു തുല്യമാണ്; 30 ലക്ഷം കോടി!
വായുമലിനീകരണത്തിലൂടെ ഇന്ത്യയിൽ 2023ൽ 20 ലക്ഷത്തിലധികം പേർ മരിച്ചെന്ന് വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശകലനം നടത്തുന്ന ‘സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025’ റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, പുക ശ്വസിച്ച് ഉടനെ കുഴഞ്ഞുവീണ് ആളുകൾ മരിക്കുകയല്ല. മലിനവായു രോഗങ്ങൾക്കു കാരണമാകുകയോ രോഗങ്ങളുള്ളവരെ അതിവേഗം മരണത്തിലേക്കു നയിക്കുകയോ ആണ്.
ഇന്ത്യയിൽ വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 89 ശതമാനവും ഹൃദയസ്തംഭനം, ശ്വാസകോശാർബുദം, സിഒപിഡി (ശ്വാസകോശസംബന്ധ അസുഖം), പ്രമേഹം തുടങ്ങിയവ മൂലമാണെന്ന് കണക്കുകൾ പറയുന്നു.‘ഇന്ത്യൻ പുകപ്പുര’യിലെ ഈ അകാല മരണങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുകയും ജനങ്ങൾക്ക് അടിയന്തര നിർദേശങ്ങൾ നൽകുകയും വേണം. മേഘാലയയിലെ ബർനിഹാട്ട് പട്ടണത്തിലാണ് ലോകത്തെ ഏറ്റവും മോശമായ വായുനിലവാരം.
മലിനമായ തലസ്ഥാന നഗരങ്ങളിൽ ഡൽഹി ഒന്നാമതാണ്. ഫാക്ടറികളും വ്യവസായശാലകളുമാണ് പ്രധാന കാരണം. സർക്കാർ ഇടപെടാതെ അതിനു പരിഹാരമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൺമുന്നിലാണ് സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നത്.
ജനങ്ങൾ കഴിവതും പൊതുഗതാഗതം ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കാത്തപ്പോൾ ട്രാഫിക് ബ്ലോക്കിലും സിഗ്നലുകളിലും നിർത്തിയിടുക, വിറകുപയോഗിച്ചുള്ള പാചകം ഒഴിവാക്കുകയോ പുകയുന്നത് ഒഴിവാക്കുകയോ ചെയ്യുക, മാലിന്യങ്ങളോ പ്ലാസ്റ്റിക്കോ കരിയില പോലുമോ കത്തിക്കാതിരിക്കുക, കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക, സംസ്കരണ-ഉത്പാദനച്ചെലവ് കുറയ്ക്കാൻ വസ്തുക്കൾ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായും നിർബന്ധിതമായും നടപ്പാക്കേണ്ടതാണ്.അകാലമരണത്തിന് ഇനി ചുണ്ടിലൊരു ബീഡിയോ സിഗരറ്റോ വേണമെന്നില്ല; ശ്വാസമെടുക്കുകയേ വേണ്ടൂ.
