കൊച്ചി: ഇറാന് കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിലെ മുഖ്യപ്രതിയായ എറണാകുളം സ്വദേശി മധു ജയകുമാര്‍ എന്‍ഐഎ കസ്റ്റഡിയില്‍. ഇയാളെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇറാനില്‍ നിന്ന് കേരളത്തിലെത്തിയ ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇറാനില്‍ നിന്ന് ഇയാളെ ഡിപ്പോര്‍ട്ട് ചെയ്തതാണ്.
ഇന്റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയാണ് മധുവിനെ ഇന്ത്യയിലെത്തിച്ചത്. അറസ്റ്റ് ചെയ്ത് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ 19 വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഇറാനിലെ ആശുപത്രികള്‍ക്ക് വേണ്ടി അവയവ കച്ചവടം നടത്തുന്ന സംഘത്തിലെ ഇന്ത്യയിലെ പ്രധാനിയും ആസൂത്രകനുമാണ് ഇയാളെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 മുതല്‍ ഇയാളുടെ നേതൃത്വത്തില്‍ 20 ഓളം ഇന്ത്യക്കാരെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ തൃശൂര്‍ എടമുട്ടം സ്വദേശി സബിത്ത് നാസര്‍, സജിത് ശ്യാം, ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.
2024 ഓഗസ്റ്റില്‍ ഇറാനില്‍ നിന്നെത്തിയ സബിത്ത് നാസറിനെ എമിഗ്രേഷന്‍ ബ്യൂറോ വിഭാഗം ചോദ്യം ചെയ്തതോടെയാണ് അവയവ കച്ചവട സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. വന്‍ തുക വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്ത്. കേസില്‍ നാലുപേരെയും പ്രതി ചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

