പാലക്കാട്: ദേവഗണങ്ങളെ സാക്ഷിയാക്കി കല്പാത്തിയിൽ രഥാരോഹണം. ഇന്നലെ രാവിലെ കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഉപനിഷത് പാരായണം, വേദപാരായണം, വിശ്വനാഥസ്വാമിക്ക് കല്യാണോത്സവം എന്നീ ചടങ്ങുകൾക്ക് ശേഷം 9.30നും 10.15നും ഇടയിൽ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി കല്പാത്തി രഥോത്സവത്തിന് തുടക്കംകുറിച്ച് രഥാരോഹണം നടന്നു.
വേദമന്ത്രത്താൽ പരിസരം ഭക്തിയുടെ നിറവിലായി. പിന്നീട് ശിവപാർവതിമാരെയും ഗണപതിയെയും വള്ളി ദൈവാനിസമേത സുബ്രഹ്മണ്യസ്വാമിയെയും തേരിലേറ്റിയതോടെ രഥപ്രദക്ഷിണത്തിന് തുടക്കമായി. പുതിയ കല്പാത്തി ഗ്രാമത്തിലൂടെ അല്പനേരം സഞ്ചരിച്ചതോടെ പകൽയാത്ര സമാപിച്ചു. വൈകുന്നേരം നാലുമണിയോടെ യാത്ര പുന:രാരംഭിച്ചു. പുതിയ കല്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വേദപാരായണം, രുദ്രാഭിഷേകം, ക്രമാർച്ചന എന്നിവക്കുശേഷം അശ്വവാഹനത്തിലായിരുന്നു ഗ്രാമപ്രദക്ഷിണം.
ഇന്ന് രാവിലെ വിവിധ പൂജകൾക്കുശേഷം രാവിലെ ഒന്പതിനു ഗണപതിയുമായി വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടന്നു. 9.45നു വേദപാരായണം സമാപനവും, ആശീർവാദ ചടങ്ങുകളും നടന്നു. ഗണപതി എഴുന്നള്ളത്ത് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയശേഷം രഥാരോഹണം നടന്നു. തുടർന്ന് ഗ്രാമത്തിലൂടെ അല്പനേരം രഥം വലിച്ചു.
11ന് രഥോത്സവ സദ്യയിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. വൈകുന്നേരം അഞ്ചിനുരഥപ്രയാണം പുന:രാരംഭിക്കും. പഴയ കല്പാത്തി ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വിഘ്നേശ്വര പൂജ, കളഭാഭിഷേകം, വൈകുന്നേരം മോഹിനി അലങ്കാരം, രാത്രി എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം കുതിരവാഹന അലങ്കാരം, എഴുന്നള്ളത്ത്. മൂന്നാംദിവസമായ നാളെയാണ് പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്നമഹാ ഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണവും രഥപ്രയാണവും. തുടർന്ന് വൈകുന്നേരം ത്രിസന്ധ്യയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി തേർമുട്ടിയിൽ ദേവരഥസംഗമം നടക്കും.

