പാറ്റ്ന: പിതാവ് ലാലു പ്രസാദ് യാദവിന് വൃക്കം ദാനം ചെയ്തത് പണത്തിനും സീറ്റിനും വേണ്ടിയായിരുന്നെന്ന് കുടുംബത്തിൽനിന്നും ആക്ഷേപമുണ്ടായെന്ന് മകൾ രോഹിണി ആചാര്യ. താൻ അനാഥയാക്കപ്പെട്ടെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റതിനു പിന്നാലെയാണ് ആർജെഡി നേതാവ് ലാലുവിന്റെ മകൾ കുടുംബത്തിനെതിരേ രംഗത്തെത്തിയത്. തന്നെപ്പോലെ ഒരു പെൺകുട്ടിയും ഒരു വീട്ടിലും ജനിക്കരുതെന്നും സമൂഹമാധ്യമ പോസ്റ്റിൽ വികാരഭരിതയായി രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് കഴിഞ്ഞ ദിവസം രോഹിണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ കൂടുതൽ പ്രതികരണവുമായി രോഹിണി എത്തിയത്.
തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന് ഉത്തരവാദി സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ ഹരിയാനയിൽനിന്നുള്ള ആർജെഡി എംപി സഞ്ജയ് യാദവും റമീസുമാണെന്ന് രോഹിണി പറയുന്നു. “ഇന്നലെ എന്നെ അവർ ആക്ഷേപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. കോടിക്കണക്കിന് രൂപയും, സീറ്റും വാങ്ങിയാണ് അച്ഛന് വൃക്ക നൽകിയതെന്ന് ആരോപിച്ചു’-രോഹിണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽനിന്നു മത്സരിച്ച രോഹിണി പരാജയപ്പെട്ടിരുന്നു.
എല്ലാ വിവാഹിതരായ സ്ത്രീകളോടും, നിങ്ങളുടെ പിതൃഭവനത്തിൽ മകൻ ഉണ്ടെങ്കിൽ, ഒരിക്കലും നിങ്ങളുടെ ദൈവതുല്യനായ പിതാവിനെ രക്ഷിക്കരുത്; പകരം, ആ വീട്ടിലെ മകനായ നിങ്ങളുടെ സഹോദരനോട് സ്വന്തം വൃക്കയോ ആത്മസുഹൃത്തുക്കളിൽ ഒരാളുടെ വൃക്കയോ മാറ്റിവയ്ക്കാൻ പറയുക- എക്സ് പോസ്റ്റിൽ രോഹിണി കുറിച്ചു.
ഞാന്‍ എന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ സത്യം അടിയറ വെക്കുകയോ ചെയ്തില്ല. അതുകൊണ്ടുമാത്രം ഈ അപമാനം എനിക്ക് സഹിക്കേണ്ടിവന്നു. ഇന്നലെ ഒരു മകള്‍, അവളുടെ കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതയായി. അവര്‍ എന്നെ എന്റെ വീട്ടില്‍നിന്ന് പറിച്ചെറിഞ്ഞു. അവര്‍ എന്നെ അനാഥയാക്കി. നിങ്ങള്‍ക്കാര്‍ക്കും എന്റെ വഴിയിലൂടെ നടക്കാനുള്ള ഇടവരാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ- രോഹിണി എക്സ് പോസ്റ്റിൽ കുറിച്ചു.

