തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെ 42 പേർ ഇതുവരെ സംസ്ഥാനത്തു പത്രിക സമർപ്പിച്ചു. 24 പുരുഷന്മാരും 18 സ്ത്രീകളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്.
ചിലർ ഒന്നിലേറെ സെറ്റ് പത്രിക നൽകിയത് അടക്കം 53 പത്രികകൾ ഇതുവരെ ലഭിച്ചു. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, പത്തനംതിട്ട, എറണാകുളം- രണ്ടു വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ- ഏഴുവീതം, ഇടുക്കി, കണ്ണൂർ- ഓരോന്നു വീതവും പത്രിക ലഭിച്ചു. പാലക്കാട് 13, മലപ്പുറം-ആറ് പത്രികകളും ലഭിച്ചു.
ബന്ധപ്പെട്ട വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 21 വരെ പത്രിക നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരം നൽകണം.
സ്ഥാനാർഥി അതത് തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്കു മൂന്നു സെറ്റ് പത്രിക വരെ സമർപ്പിക്കാം.

