കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിലെ എഫ്.ഐ.ആറിന്റെ പകര്പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിച്ചു. ഹര്ജി ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും.
കള്ളപ്പണം വെളിപ്പിക്കല് നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന് ക്രൈം ബ്രാഞ്ച് രജിസ്റ്റര് ചെയ്ത എഫ്ഐആറിന്റെ മുദ്രവെച്ച പകര്പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില് ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്ജി തള്ളിയതിനെത്തുടര്ന്നാണ് ഇഡി കൊച്ചി സോണല് ഓഫീസ് ഹൈക്കോടതിയില് ഹര്ജി നല്കിയിരിക്കുന്നത്.
പൊതുരേഖയായ എഫ്ഐആര് ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല് നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില് നടക്കുന്ന അന്വേഷണത്തില് നിന്ന് വ്യത്യസ്തമാണെന്നും ഹര്ജിയില് പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര് നല്കണമെന്ന ആവശ്യം തളളിയത്.

