ശബരിമല: മണ്ഡല മഹോത്സവത്തിനായി നട തുറന്നതിനു പിന്നാലെ വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. ഇന്നു പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു.
ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ ഭക്തരുടെ വന്‍ ഒഴുക്കാണ് സന്നിധാനത്തേക്കുണ്ടായത്. നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേക ചടങ്ങുകളും ആരംഭിച്ചു. ഇന്ന് ഉച്ചവരെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയും ദര്‍ശന സൗകര്യമുണ്ടാകും.
90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ബുക്കിംഗ് 28 വരെയുള്ളത് പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്.
അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യുന്നത്. അവിടെനിന്ന് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് പമ്പയിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 സീറ്റില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാമെങ്കിലും തീര്‍ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യാനാണു നിര്‍ദേശം.

