തിരുവനന്തപുരം: ഫുട്ബോള്‍ കളി സ്ഥലത്തെ സംഘര്‍ഷ ത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയിലായി. പിടിയിലായതില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.
കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഒളിവിലാണ്. രാജാജി നഗര്‍ തോപ്പില്‍ വീട്ടില്‍ അലന് (19) ആണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. തൈക്കാട് മോഡല്‍ സ്കുള് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലന് കുത്തേറ്റു മരിച്ചത്.
രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനാണ് ഇരു വിഭാഗത്തെയും പ്രതിനിധികരിച്ച് യുവാക്കള്‍ തൈക്കാട് എത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ അലനെ സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ചെറു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പ്രതികൾ എത്തിയത് ആയുധങ്ങളുമായിട്ടാണെന്നുമാണ് പോലീസ് നൽകുന്ന സൂചന.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് ഏതാനും മീറ്ററുകള്‍ക്ക് അകലെയാണ് ഇന്നലെ കൊലപാതകം നടന്നത്. അലന്റെ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി.

