ന്യൂഡൽഹി: തിങ്കളാഴ്ച മദീനയ്ക്കു സമീപം ഇന്ത്യൻ ഉംറ തീർഥാടകരുടെ ബസും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് 45 പേർ മരിച്ച അപകടത്തെത്തുടർന്ന് ദുരിതാശ്വാസ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് സൗദിയിലെത്തും. വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.
“ഹജ്ജ്, ഉംറ മന്ത്രാലയം ഉൾപ്പെടെയുള്ള സൗദി അധികാരികളെ ഏകോപിപ്പിച്ച് പരമാവധി സഹായമെത്തിക്കാനും ദുരിതാശ്വാസ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സൗദി അറേബ്യ സന്ദർശിക്കും’- പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മരിച്ചയാളുടെ അന്ത്യകർമങ്ങളിൽ പ്രതിനിധി സംഘം പങ്കെടുക്കുമെന്നുപ്രതീക്ഷിക്കുന്നു. “മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടി വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദിയിലേക്കുള്ള യാത്രാസൗകര്യവും സർക്കാർ നൽകും. ഈ ദുരന്തത്തിൽ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്’-വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ജിദ്ദയിൽ ക്യാന്പ് ഓഫീസ്
അതേസമയം, തീർഥാടകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ജിദ്ദയിൽ ക്യാന്പ് ഓഫീസ് തുറന്നിട്ടുണ്ട്. അപകടത്തില്‍നിന്ന് രക്ഷപെട്ട അബ്ദുള്‍ ഷൊയിബ് മുഹമ്മദിനെ മദീന ആശുപത്രിയിലെത്തി കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സുരി കണ്ടു. സാധ്യമായ എല്ലാ ചികിത്സയിലും ഷൊയിബ് മുഹമ്മദിന് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കോൺസൽ ജനറൽ അറിയിച്ചു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് മദീനയ്ക്ക് ഏകദേശം 25 കിലോമീറ്റർ മുമ്പ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഫോടനത്തിലും തീപിടിത്തത്തിലും ഇരുവാഹനങ്ങളും പൂർണമായും കത്തിനശിച്ചു.
നവംബർ 9 മുതൽ 23 വരെ നടക്കുന്ന ഉംറയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽനിന്ന് 54 തീർഥാടകരാണ് ജിദ്ദയിലേക്കു പോയത്. അവരിൽ നാലുപേർ കാറിൽ മദീനയിലേക്ക് പോയി. നാലുപേർ വ്യക്തിപരമായ കാരണങ്ങളാൽ മക്കയിൽ തന്നെ തുടർന്നു. ബാക്കിയുള്ള 46 തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
45 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ രണ്ടു കർണാടക സ്വദേശികളും ഉൾപ്പെടുന്നു. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചുവെന്നാണ് കണക്ക്.
കൊല്ലപ്പെട്ടവരുടെ സംസ്കാരം മദീനയിൽത്തന്നെ നടത്താനാണ് ആലോചന. ഇതിനായി ബന്ധുക്കൾ ഉൾപ്പെടെ അന്‍പതോളം പേർ സൗദി അറേബ്യയിലേക്കു പോയതായി തെലുങ്കാന സർക്കാർ അറിയിച്ചു. നാളെ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

