റായ്പുർ: ഉന്നത മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മയും (51) ഭാര്യയും ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ അല്ലുി സീതാരാമരാജു ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ (മാവോയിസ്റ്റ് )അംഗങ്ങളായ 31 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. മരേഡുമില്ലിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലായിരുന്നു ഏറ്റുമുട്ടൽ.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ഹിദ്മ. 1990കളിൽ മാവോയിസ്റ്റ് സംഘടനയിൽ അംഗമായ ഹിദ്മ നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണ്. 2010ൽ ദന്തേവാഡയിൽ 76 സുരക്ഷാ സൈനികർ കൊല്ലപ്പെട്ട ആക്രമണം ആസൂത്രണം ചെയ്തത് ഹിദ്മയായിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ നൈപുണ്യമുള്ളയാണ് ഇയാൾ. വൻ സുരക്ഷാസന്നാഹത്തോടെയായിരുന്നു ഹിഡ്മ സഞ്ചരിച്ചിരുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാർതി ഗ്രാമക്കാരനാണ് ഹിദ്മ. കഴിഞ്ഞ വർഷമാണ് മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി അംഗമായത്. സുരക്ഷാസേന കസ്റ്റഡിയിലെടുത്ത 31 മാവോയിസ്റ്റുകളിൽ ഒന്പതു പേർ സെൻട്രൽ കമ്മിറ്റി അംഗം ദേവ്ജിയുടെ സുരക്ഷാ ഗാർഡുകളാണ്.

