കണമല: വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ 71 കാരിയെ പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിച്ചു. കാലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം പമ്പാവാലി അഴുതമുന്നി ഏനാമറ്റത്തിൽ അന്നമ്മ ജോസഫി (ലീലാമ്മ) നെയാണ് കാട്ടുപന്നി ആക്രമിച്ചു വീഴ്ത്തിയത്.
പന്നിയുടെ തേറ്റ കാലിൽ തുളച്ചുകയറി മുറ്റത്ത് വീണുകിടന്ന വയോധിക രക്തം വാർന്ന് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. വയോധികയെ കുത്തി വീഴ്ത്തിയശേഷം പന്നി പാഞ്ഞുപോയി. ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്നമ്മയെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
പമ്പയിലെ കാട്ടുപന്നികളെ വനപാലകർ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുമ്പ് പമ്പാവാലി മേഖലയിൽ എത്തിച്ചു വിട്ടെന്നും ഈ പന്നികളിൽ ഒന്നാണ് ആക്രമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായ പമ്പാവാലി കണമലയിൽ കഴിഞ്ഞയിടെയായി വന്യമൃഗശല്യം കുറഞ്ഞതായിരുന്നു.
പമ്പ മേഖലയിൽനിന്നു കൂട്ടത്തോടെ കാട്ടുപന്നികളെ രഹസ്യമായി പമ്പാവാലി പ്രദേശങ്ങളിൽ എത്തിച്ചത് സംബന്ധിച്ച് അന്വേഷണവും നടപടികളും വേണമെന്നും വയോധികയ്ക്ക് നേരെയുണ്ടായ ആക്രമണം അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാർ അറിയിച്ചു.

