മുംബൈ: ആഭ്യന്തര, ആഗോള ഓഹരിവിപണികളിലുണ്ടായ ദൗർബല്യം മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായി ഡോളറിനെതിരേ രൂപ 89 എന്ന നില കടന്നു. മൂന്നു മാസത്തിനിടിയിലെ ഒരു ദിവസം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
ഇൻട്രാഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 93 പൈസ നഷ്ടത്തോടെ 89.61 എന്ന നിലയിൽ ഇടിഞ്ഞ രൂപ 87 പൈസ നഷ്ടത്തോടെ 89.43 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ഒക്ടോബർ 14ന് കുറിച്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81നെയാണ് മറികടന്നത്. ഈ വർഷം മേയ് എട്ടിലെ താഴ്ചയ്ക്കുശേഷം രൂപ ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ്.
ഡോളറിനെതിരേ ഈ വർഷം ഇതുവരെ 4.6 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യൻ വിപണിയിലെ ഏറ്റവു ദുർബലമായ കറൻസികളിൽ ഒന്നായി മാറി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതും ഇന്ത്യ-യുഎസ് വ്യാപാരകരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവും രൂപയ്ക്കു തിരിച്ചടിയായി. ഇത് വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുകയും വിദേശ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റുകയും ചെയ്തു.
ഈ വർഷം ഇതുവരെ എഫ്ഐഐകൾ ഒന്നര ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചത്. രണ്ടു ദിവസം നിക്ഷേപകരായിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതും രൂപയെ ബാധിച്ചു. 1766.55 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ എഫ്ഐഐകൾ വിറ്റഴിച്ചത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ് വ്യാപാരം നടത്തുന്നത്. ഓഹരിവിപണിയിലും നഷ്ടദിനം രണ്ട് ദിവസം നേട്ടത്തിലായിരുന്ന വിപണി ഇന്നലെ നഷ്ടത്തിലേക്ക് വീണു. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആഗോള വിപണിയിലെ തളർച്ചയാണ് വിപണിയെ തകർച്ചയിലേക്ക് വീഴ്ത്തിയത്.
ആഗോളവിപണികളിലെ ദുർബലമായ സൂചനകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്നാണ് തുറന്നത്. വിൽപ്പന ഉയരുകയും ചെയ്തു. എന്നിരുന്നാലും, സെഷന്റെ മധ്യത്തിൽ വാങ്ങൽ നടന്നെങ്കിലും, വിപണിയുടെ ഇടിവിനെ തടയാനായില്ല.
സെൻസെക്സ് 400.76 പോയിന്റ് (0.47%) ഇടിഞ്ഞ് 85,231.92ലും നിഫ്റ്റി 124 പോയിന്റ് (0.47%) നഷ്ടത്തിലും 26,068.15 ലും വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ ബിഎസ്ഇ സെൻസെക്സ് 0.8 ശതമാനവും നിഫ്റ്റി 0.6 ശതമാനവും ഉയർന്നു.ബിഎസ്ഇ മിഡ്കാപും സ്മോൾകാപും 1.30 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ആഗോള സാഹചര്യങ്ങൾ കാരണം ഐടി, മെറ്റൽ പോലുള്ള പ്രധാന സെക്ടറുകളിലെ ഓഹരികൾക്ക് ഇന്നലെ കനത്ത വിൽപ്പന സമ്മർദം നേരിടേണ്ടിവന്നു. നിഫ്റ്റി മെറ്റൽ 2.34 ശതമാനം ഇടിവാണ് നേരിട്ടത്. മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴിയെല്ലാം താഴേക്കു പതിച്ചു.
പൊതുമേഖലാ ബാങ്ക് സൂചിക 1.43 ശതമാനവും നിഫ്റ്റി ബാങ്ക് 0.81 ശതമാനവും ഐടി 0.43 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.66 ശതമാനവും റിയൽറ്റി 1.86 ശതമാനവും കണ്സ്യുമർ ഡൂറബിൾസ് 0.75 ശതമാനവും താഴ്ന്നു.
ഓഹരിവിപണിയിലെ ഇടിവിനു വഴിവച്ചത് യുഎസ് വിപണിയിലെ ശക്തമായ വിൽപ്പനയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ യുഎസ് ഓഹരികൾ, പ്രത്യേകിച്ച് നാസ്ദാക്ക് സൂചികയിലെ എഐ അനുബന്ധ ഓഹരികളിലെ മൂല്യനിർണയ ആശങ്കകൾ കാരണം വൻ നഷ്ടം നേരിട്ടു. ഇതിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളെയും ഇന്ത്യയെയും ബാധിച്ചു.

