കാസര്‍ഗോഡ്: നഗരമധ്യത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയുണ്ടായ നിയന്ത്രണാതീതമായ തിരക്കും സംഘർഷവുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ കാസര്‍ഗോഡ് യുവജനകൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് തിരക്ക് നിയന്ത്രണാതീതമായത്.
പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവനും പൊതുജന സുരക്ഷയ്ക്കും അപകടം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനുമാണ് സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയാവുന്ന മറ്റാളുകൾക്കും എതിരെ കേസെടുത്തത്. മേളയുടെ സമാപനദിനത്തിൽ ഗായകന് ഹനാന് ഷായുടെ (ചിറാപുഞ്ചി മഴയത്ത് ഫെയിം) സംഗീതപരിപാടി കാണാനാണ് ആളുകള്‍ ഒഴുകിയെത്തിയത്.
വൈകുന്നേരത്തോടെ തന്നെ മേള നടക്കുന്ന മൈതാനത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ നഗരിയിലേക്ക് എത്തിയിരുന്നു. ചെറിയ സ്ഥലത്ത് പതിനായിരത്തോളം ആള്‍ക്കാരാണ് പരിപാടി കാണാനെത്തിയത്. 3,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പോലീസ് അനുമതി നൽകിയിരുന്നത്. നൂറു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
3,000 പേരെ മാത്രം ഉൾക്കൊള്ളാവുന്ന ചെറിയ മൈതാനത്ത് ഇത്രയധികം ആളുകൾ ഒത്തുകൂടിയതോടെയാണു തിക്കും തിരക്കും നിയന്ത്രണാതീതമാവുകയും നിരവധി പേര്‍ക്കു ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും ചെയ്തത്.

