വളർന്നുവരുന്ന മധ്യവർഗവും യുവാക്കളും വിനോദത്തിനും ഉല്ലാസത്തിനുമായി നടത്തുന്ന യാത്രകൾ വർധിച്ചതോടെ ആഗോള വിനോദയാത്രാ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് വലുതാക്കുന്നതായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പഠന റിപ്പോർട്ട്. 2024ലെ അഞ്ച് ട്രില്യണ്‍ ഡോളറില്‍നിന്ന് 2040ൽ 15 ട്രില്യണ്‍ ഡോളര്‍ ആയി വിനോദയാത്രാ വാർഷിക ആഗോള ഉപഭോക്തൃ ചെലവ് മൂന്നിരട്ടിയാകുമെന്നും ഇത് ഫാർസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായത്തേക്കാൾ വളരുമെന്നും ബിസിജിയുടെ പഠന റിപ്പോർട്ട് പറയുന്നു.
വിനോദയാത്ര ചെലവുകളുടെ വർധനവിന് പല കാരണങ്ങളാണുള്ളത്. ഏറെ പണം മുടക്കി വസ്തുക്കള്‍ സ്വന്തമാക്കുകയെന്നതിനേക്കാള്‍ പുതുമയുള്ള അനുഭവങ്ങള്‍ ആസ്വദിക്കുകയെന്നതാണ് ഇപ്പോഴത്തെ നയം. കൂടാതെ ഇന്ത്യ, ചൈന, സൗദി അറേബ്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മധ്യവർഗത്തിന്റെ ആവിർഭാവവും. പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോട് പ്രിയം കുറഞ്ഞിട്ടില്ലെങ്കിലും വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി തയാറാക്കുന്ന യാത്രാനുഭവങ്ങളും ഫുഡ് ടൂറിസവും അതിവേഗം വേരുറപ്പിക്കുകയാണ്. 5,000 സഞ്ചാരികളില്‍ നടത്തിയ സര്‍വേയാണ് നിഗമനങ്ങള്‍ക്ക് ആധാരമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് അറിയിച്ചു.
യുഎസില്‍ മധ്യവർഗം കുതിച്ചുയർന്നതിനു പിന്നാലെ ഒരുകാലത്ത് അവിടെ റിസോര്‍ട്ട് സംസ്കാരം വളര്‍ന്നുവന്നതിനു സമാനമാണ് ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇപ്പോഴത്തെ മാറ്റമെന്ന് ബിസിജിയുടെ സീനിയർ പാര്‍ട്ണര്‍ ലാറ കോസ്ലോ പറയുന്നു. ട്രെന്‍ഡിന് ഊര്‍ജം പകരുന്നത് പ്രധാനമായും ചൈനയാണ്. വിനോദയാത്രകൾക്കായി കൂടുതൽ ചെലവാക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. ഇന്ത്യ, സൗദി അറേബ്യ, ബള്‍ഗേറിയ, കംബോഡിയ എന്നീ രാജ്യങ്ങളും തൊട്ടുപിന്നാലെയുണ്ട്.
ഇന്ത്യയുടെ യാത്രാ വളർച്ച
2019നും 2024നും ഇടയിൽ ഇന്ത്യ വിനോദയാത്രാ ചെലവിൽ മിതമായതോ ശക്തമായതോ ആയ വളർച്ച കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ട്രാവല്‍ മേഖലയ്ക്ക് കോവിഡ് മഹാമാരി വരുത്തിവച്ച ക്ഷീണത്തിൽനിന്ന് അതിവേഗം കരകയറാനുള്ള സാധ്യതകളാണ് കാണിക്കുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇന്ത്യക്കാരുടെ ആഭ്യന്തര, പ്രാദേശിക, അന്താരാഷ്ട്ര യാത്രകൾ വർഷം തോറും മൂന്നു ശതമാനം, നാലു ശതമാനം, ആറു ശതമാനം എന്നീ നിരക്കുകളിൽ വളരുമെന്നാണ് വിദഗ്ധരുടെ നിഗമനം. സഞ്ചാരികൾ ചെലവഴിക്കുന്ന തുക ആഭ്യന്തര തലത്തിൽ 12 ശതമാനം, പ്രാദേശിക തലത്തിൽ എട്ട് ശതമാനം, അന്താരാഷ്ട്ര തലത്തിൽ പത്ത് ശതമാനം എന്നിങ്ങനെയാകുമെന്നാണ് നിഗമനം.
ഇന്ത്യയിലെ യുവ തലമുറ കൂടുതൽ യാത്ര ചെയ്യുന്നതിലും ചെലവഴിക്കുന്നതിലും താത്പര്യമുള്ളവരാണ്. ആഗോള തലത്തിൽ മില്ലേനിയലുകളും (1981-1995), ജെൻ സിയുമാണ് (1996-2010) യാത്രയിലെ ശക്തമായ ഗ്രൂപ്പ്. ആസൂത്രണം ചെയ്തുള്ള യാത്രകളിൽ ഇവരുടെ പങ്ക് മുൻ തലമുറകളെക്കാൾ മുകളിലാണ്.
ആഗോളതലത്തിലെ നിഗമനങ്ങൾ
ആഗോള തലത്തിൽ ഓവർനൈറ്റ് യാത്രകളെ (ഒരു രാത്രിയെങ്കിലും ഒരിടത്ത് തങ്ങേണ്ടി വരുന്ന യാത്രകൾ) കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങൾ കാണിക്കുന്നത് വിനോദത്തിനായുള്ള യാത്രകൾ വർഷംതോറും നാലു ശതമാനം വീതം വളർച്ച രേഖപ്പെടുത്തുമെന്നും 2029നും 2040നും ഇടയിൽ മൂന്ന് ശതമാനമെന്ന നിരക്കിൽ വളർച്ച കുറയുമെന്നുമാണ്. യാത്രകൾക്കായി ചെലവഴിക്കുന്ന തുക 2029 വരെ എട്ട് ശതമാനം വാർഷിക വളർച്ചയും 2040 വരെ ഏഴ് ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തും. 2040 ആകുന്നതോടുകൂടി ഈ മേഖല ഫാർമസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായങ്ങളേക്കാൾ വളർച്ച നേടുമെന്നാണ് നിഗമനം.
ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ഥാടന ടൂറിസവും പ്രിയമാണ്. ബീച്ചുകള്‍, പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, വന്‍നഗരങ്ങള്‍ എന്നിവയാണ് സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത്. വെല്‍നെസ് ടൂറിസം, സ്പിരിച്വല്‍ ടൂറിസം, ഫുഡ് ടൂറിസം എന്നിവയാണ് ഉയര്‍ന്നുവരുന്ന മേഖലകള്‍. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് ഫുഡ് ടൂറിസത്തോടാണ് കൂടുതല്‍ താത്പര്യം. പാശ്ചാത്യര്‍ ഫുഡ് ടൂറിസം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വിനോദത്തിനും വിശ്രമത്തിനും വേണ്ടിയുള്ള യാത്രകള്‍ക്കാണ് മുന്‍കാലങ്ങളിലേതു പോലെ ഇന്നും മുന്‍തൂക്കം.