ഇസ്ലാമാബാദ്: ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്കു തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയാറാണെന്നു ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയശേഷമുണ്ടായ വെടിനിർത്തലിനു പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, വെടിനിർത്തലിനുശേഷം അതിർത്തികൾ സാധാരണനിലയിലേക്കു വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ ഇന്ത്യ-പാക് സേനകൾ ധാരണയിലെത്തി. അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാൻ ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു.