ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന പാക്കിസ്ഥാനെ വീണ്ടും ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗോള നിരീക്ഷണ സംഘത്തോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇതിനാവശ്യമായ തെളിവുകൾ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (എഫ്എടിഎഫ്) ഇന്ത്യ സമർപ്പിക്കും.
മുൻപ് പാക്കിസ്ഥാനെ ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും 2022 ഒക്ടോബറിൽ നീക്കം ചെയ്തിരുന്നു. അതിനുശേഷവും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണു പാക്കിസ്ഥാൻ സ്വീകരിക്കുന്നതെന്ന് ആഗോള നിരീക്ഷണ സംഘത്തിനു മുൻപാകെ ഇന്ത്യ തെളിവുകൾ സഹിതം വിശദീകരിക്കും.
ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ തെളിയിക്കുന്ന സാമ്പത്തിക രേഖകൾ, ഇന്റലിജൻസ് റിപ്പോർട്ടുകൾ, അന്താരാഷ്ട്ര വിവരങ്ങൾ എന്നിവയാണ് വരാനിരിക്കുന്ന എഫ്എടിഎഫ് യോഗത്തിൽ ഇന്ത്യ അവതരിപ്പിക്കുക. പാക്കിസ്ഥാനുള്ള സഹായം പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.