പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍. മലയാലപ്പുഴ മൈലാടുംപാറ പള്ളിക്കുഴി ആശാരിപ്പറമ്പില്‍ ദേവദത്തനാണ് (19) മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.
ചൈല്‍ഡ് ലൈനില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷന് കഴിഞ്ഞു ബസില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെണ്‍കുട്ടി 2024 ഒക്ടോബറില്‍ പരിചയപ്പെടുന്നത്.
പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാള്‍, കോള്‍ സെന്റർ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും പിന്നീട് കുട്ടി വീട്ടില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിക്കു വിവാഹവാഗ്ദാനം നല്കിയ ഇയാള്‍ കഴിഞ്ഞ ജൂണ്‍ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു.
ജൂലൈ 11ന് വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പമുറിയില്‍ വച്ച് പലതവണ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി. വിവരം മനസിലാക്കിയ സ്കൂള്‍ അധ്യാപകര്‍ മാതാപിതാക്കളെയും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.
വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സമാനസംഭവങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.