തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് സമയത്തിനു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തിൽ ഉദ്യോഗസ്ഥതല അന്വേഷണത്തിന് റെയിൽവേയും ഉത്തരവിട്ടിട്ടുണ്ട്.
ചാലക്കുടി കുറ്റിച്ചിറ സ്വദേശി മുണ്ടോപ്പിള്ളി വീട്ടിൽ ശ്രീജിത്താണ് (26) കഴിഞ്ഞയാഴ്ച പുലർച്ചെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചത്. അഹമ്മദാബാദിൽ നിന്ന് എറണാകുളത്തേക്കുള്ള ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ പട്ടാന്പി സ്റ്റേഷൻ പിന്നിട്ട ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സഹയാത്രികർ വിവരം അറിയിച്ചതിനെ തുടർന്ന് ടിടിഇ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഇവിടെ തയാറാക്കി നിർത്തുകയും ചെയ്തിരുന്നു.
എന്നാൽ യാത്ര തുടരുന്നതിനിടെ യുവാവിന്റെ നില മോശമായതിനെത്തുടർന്നു യാത്രക്കാർ മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. എന്നാൽ ഇവിടേക്ക് ആംബുലൻസ് എത്താൻ വൈകിയെന്ന് ആരോപണമുണ്ട്. പിന്നീട് ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.