ന്യൂഡൽഹി: ഇലോൺ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്റർ (ഇൻ-സ്പേസ്).
സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം.
അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി.
മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ തേടുകയാണ്. കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് ഒരു പ്രധാന പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു.