മുംബൈയിൽ നിന്ന് വിംബിൾഡണിലേക്കു യാത്ര ചെയ്യുമ്പോൾ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ആഡംബര ബാഗേജ് മോഷണം പോയതായി നടി ഉർവശി റൗട്ടേല. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടൻ പോലീസിനോടും എമിറേറ്റ്സ് എയർവേയ്സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർഥിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റിൽ, ഡിയോർ ബാഗേജിന്റെയും ഫ്ലൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഉർവശി പരാതി ഉന്നയിച്ചത്. “വിംബിൾഡൺ സമയത്ത് മുംബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തതിനു ശേഷം ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ബെൽറ്റിൽ നിന്ന് ഞങ്ങളുടെ വിംബിൾഡൺ ഡിയോർ ബ്രൗൺ ബാഗേജ് മോഷണം പോയി. ബാഗേജ് ടാഗും ടിക്കറ്റും മുകളിലുണ്ട്.
അത് വീണ്ടെടുക്കാൻ അടിയന്തരമായി സഹായം അഭ്യർഥിക്കുന്നു’ എന്ന പരാതിക്കൊപ്പം, സഹിക്കുന്ന അനീതി ആവർത്തിക്കുന്ന അനീതിയാണ് എന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. യുകെ പോലീസിന്റെയും എമിറേറ്റ്സ് സപ്പോർട്ടിന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ടാഗ് ചെയ്തതോടൊപ്പം ‘പ്ലാറ്റിനം എമിറേറ്റ്സ് മെമ്പർ’, ‘ഗാറ്റ്വിക്ക് എയർപോർട്ട് പോലീസ്’ എന്നീ ഹാഷ്ടാഗുകളും ചേർത്താണ് ഉർവശിയുടെ പരാതി.
ഉർവശിയുടെ പരാതിയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്.“വിംബിൾഡണിൽ നിന്ന് മടങ്ങുമ്പോൾ ബാഗേജ് നഷ്ടപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി”എന്നൊരാൾ കമന്റ് ചെയ്തു. “മുമ്പ് ഐഫോൺ മോഷണം പോയി, ഇപ്പോൾ ഡിയോർ ബാഗും…” എന്നായിരുന്നു മറ്റൊരു കമന്റ് .
2023ൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാനെത്തിയപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് തന്റെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്ടപ്പെട്ടതായി ഉർവശി അവകാശപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെയും നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെയും അക്കൗണ്ടുകൾ പോസ്റ്റിൽ ടാഗ് ചെയ്ത അവർ,“നഷ്ടപ്പെട്ട ഫോൺ,” “അഹമ്മദാബാദ് സ്റ്റേഡിയം,” “സഹായം വേണം” എന്നീ ഹാഷ്ടാഗുകളും ചേർത്തിരുന്നു.