വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു.
ചിയുർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ക്രൈസ്തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) പറഞ്ഞു.
ഐഎസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഘടന പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നു. റുവാണ്ടൻ സൈന്യമാണ് ഐഎസിനെ തുരത്താൻ മൊസാംബിക്കിനെ സഹായിക്കുന്നത്.
ജൂലൈയിൽ റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്കാ പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.