ന്യൂഡിൽസ് എന്ന് കേട്ടാൽ മാഗി എന്നല്ലാതെ മറ്റൊരു ഓപ്ഷൻ പൊതുവെ അവിവാഹിതർക്ക് ഇല്ല. രണ്ട് മിനിട്ടിൽ ന്യൂഡിൽസ് എന്നാണ് അതിന്റെ പരസ്യം പോലും. പല വീടുകളിലും എളുപ്പ പണിക്ക് രാവിലെ മാഗി ഉണ്ടാക്കിക്കൊടുക്കാറാണ് പതിവ്.
പ്രത്യേകിച്ച് മഴക്കാലത്ത്. കുഞ്ഞുങ്ങൾക്ക് അത് ഇഷ്ടവുമാണ്. റോഡരികിലെ കടകളിൽപോലും മാഗി ഉണ്ടാക്ക് വിൽക്കാറുണ്ട്. ഇപ്പോഴിതാ ഇറ്റാലിയൻ ഭർത്താവിന് മാഗി വിളമ്പുന്ന ഒരു ഇന്ത്യക്കാരി ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുരഭി – ദാരിയോ ദമ്പതികളുടേതാണ് ഈ വീഡിയോ. യുവതി ഭർത്താവായ ദാരിയോയ്ക്ക് മാഗി നൂഡിൽസ് ഉണ്ടാക്കി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യക്കാരുടെ കുട്ടിക്കാലത്തെ നൊസ്റ്റാൾജിക് ഭക്ഷണമാണിത് അതുകൊണ്ട്തന്നെ അദ്ദേഹത്തിന് ഈ ഭക്ഷണം ഇഷ്ടമാവും എന്നാണ് അവൾ കരുതിയത്. എന്നാൽ, അവളുടെ പ്രതീക്ഷകൾക്ക് വിഭിന്നമായ കാര്യമാണ് അവിടെ സംഭവിച്ചത്. അവളുടെ ഭർത്താവിന് ഈ ഭക്ഷണം ഇഷ്ടമായില്ല.
അദ്ദേഹം അത് വായിൽവച്ച ശേഷം എന്താണിതെന്ന് ആദ്യം ചോദിക്കുന്നു. ഒറ്റ നോട്ടത്തിൽ സ്പെഗറ്റി പോലെ തോന്നുമെങ്കിലും അതല്ലന്ന് അദ്ദേഹത്തിന് മനസിലായി. പാസ്തയുമല്ല, പാസ്തയായിരുന്നെങ്കിൽ കുറച്ച് കടിക്കാനെങ്കിലും കിട്ടുമല്ലോ ഇതെന്താണ് മൊത്തത്തിൽ വഴുവഴുപ്പുള്ള സാധനമാണ് തനിക്ക് ഇഷ്ടമായില്ല എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഇന്ത്യക്കാരുടെ ദോ മിനിട്ട് മാഗി ഇറ്റലിക്കാരൻ മുഖം തിരിച്ച് കളഞ്ഞു എന്തായാലും എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.