രാജപുരം: ചെയ്യാത്ത കുറ്റത്തിന് 150 ദിവസം ജയിലിൽ കഴിയേണ്ടി വന്നയാളാണ് മാലക്കല്ല് പതിനെട്ടാം മൈലിലെ ഞരളാട്ട് ബിജു മാത്യു (49). ഒപ്പമുള്ള സുഹൃത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന കൽക്കണ്ടപ്പൊടി എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ വർഷം നവംബർ 25ന് കോഴിക്കോട് പോലീസ് ഇരുവരെയും പിടികൂടി ജയിലിലടച്ചത്.
മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നയാളെന്ന ദുഷ്പേരു മൂലം ഏറെനാൾ ജോലി പോലും കിട്ടാതെ വലഞ്ഞ ബിജു 76 വയസുള്ള അമ്മയ്ക്കൊപ്പം മാലക്കല്ലിലെ വീട്ടിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
നടക്കാൻ പോലും വയ്യാത്ത അമ്മയെ വിവരമറിയിക്കാതെ നേരേ സംസ്ഥാനപാതയിലേക്ക് ഇറങ്ങിനിന്നു. നിരവധി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് രാജപുരം പോലീസിന്റെ പട്രോളിംഗ് സംഘം അതുവഴി വന്നത്. ഒട്ടും സമയം കളയാതെ സിപിആർ നൽകിയും ആശുപത്രിയിലെത്തിച്ചും പോലീസ് ബിജുവിന്റെ ജീവൻ രക്ഷിച്ചു. കോഴിക്കോട്ടെ സഹപ്രവർത്തകർ അറിയാതെ ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തം പോലെ.
പോലീസ് വാഹനം എത്തുമ്പോഴേക്കും ബിജു ഏതാണ്ട് കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. പതിനെട്ടാം മൈലിൽ സർവീസ് സ്റ്റേഷൻ നടത്തുന്ന ജോസ് ജോർജ് ഇതുകണ്ട് ഓടിയെത്തി ബിജുവിനെ താങ്ങിപ്പിടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും അടി മുന്നോട്ടുപോയ ശേഷമാണ് ഈ രംഗം കണ്ട് നിർത്തി വീണ്ടും പിന്നോട്ടുവന്നത്. തുടർന്ന് ബിജുവിന് പോലീസുദ്യോഗസ്ഥർ തന്നെ അടിയന്തരമായി സിപിആർ നൽകി. ഉടൻതന്നെ ജീപ്പിൽ കയറ്റി മാലക്കല്ല് കെയർവെൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോഴിക്കോട്ട് ഡ്രൈവർ ജോലി തേടിയപ്പോഴായിരുന്നു ബിജുവും സുഹൃത്ത് കണ്ണൂർ വാരം സ്വദേശി മണികണ്ഠനും (46) പോലീസിന്റെ പിടിയിലകപ്പെട്ടത്. കുട്ടികൾക്ക് കൊടുക്കാനായി വാങ്ങിയ കൽക്കണ്ടപ്പൊടിയാണ് മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്നത്.
ഇക്കാര്യ പലതവണ പറഞ്ഞിട്ടും കേൾക്കാതെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഫീസ് താങ്ങാനാകാത്തതിനാൽ ഇവർക്ക് സ്വന്തമായി അഭിഭാഷകരെ പോലും വയ്ക്കാനായില്ല.
ഒടുവിൽ ഈ വർഷം ഏപ്രിൽ 24 നാണ് ഇവരുടെ കൈയിലുണ്ടായിരുന്നത് കൽക്കണ്ടപ്പൊടി തന്നെയായിരുന്നുവെന്ന രാസപരിശോധനാ ഫലം പുറത്തുവന്നത്. തുടർന്ന് ഇരുവരെയും കുറ്റവിമുക്തരാക്കി വെറുതേ വിടുകയായിരുന്നു.