ജയ്പുർ: ജയ്പുർ-അജ്മീർ ഹൈവേയിൽ എൽപിജി സിലിണ്ടർ ട്രക്കിൽ ടാങ്കർ ഇടിച്ചുകയറി വൻ സ്ഫോടനം. ഇന്നലെ രാത്രിയാണു സംഭവം. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ നിരവധിപ്പേർക്കു പരിക്കേറ്റു. ഏഴു വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൗജ്മാബാദ് മേഖലയിലാണ് അപകടം. വൻ നാശമാണുണ്ടായത്. കൂട്ടിയിടിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ നിരവധി സ്ഫോടനങ്ങൾ ഉണ്ടായി. സിലിണ്ടറുകളുടെ ഭാഗങ്ങൾ സംഭവസ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെവരെ എത്തി.
സ്ഫോനങ്ങളെത്തുടർന്ന് പരിസരവാസികൾ ആശങ്കയോടെ വീടുകളിൽനിന്ന് ഇറങ്ങിയോടി. പത്തുകിലോമീറ്റർ അകലെനിന്നു തീജ്വാലകൾ കാണാൻ കഴിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയ്പുർ പോലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈർവ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.
അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റു ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്നും ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചതായും ബൈർവ പറഞ്ഞു. അപകടത്തെത്തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ദുഡു, ബഗ്രു, കിഷൻഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പോലീസ് പ്രദേശം വളഞ്ഞു. ജയ്പുർ ഐജി രാഹുൽ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചു.
എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്ക് റോഡരികിലെ ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ട്രക്കിന്റെ പിന്നിൽ ടാങ്കർ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ ഹൈവേയിൽ ജയ്പുരിലെ ഭാൻക്രോട്ടയ്ക്ക് സമീപം എൽപിജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.