ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാമിലെ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. 29 പേർക്കു പരിക്കേറ്റു. അഞ്ചുപേരുടെ നില അതീവ ഗുരുതരം. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദിന്റെ നിഴൽ സംഘടന അവകാശപ്പെട്ടിട്ടുണ്ട്.
അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ്. ശ്രീനഗർ ഭരണകൂടത്തിലെ രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൗഗാമിലെത്തി. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവർ കരസേനയുടെ 92 ബേസ് ആശുപത്രിയിലും ഷേർ ഇ കാഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ചികിത്സയിലാണ്.
ഫരീദാബാദിൽനിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സാരമായ കേടുപാടുകൾ സംഭവിച്ചു. സമീപത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് 300 അടി അകലെവരെ ശരീരഭാഗങ്ങൾ കണ്ടെത്തി. തെക്കൻ ശ്രീനഗറിൽ കിലോമീറ്ററുകൾ അകലെവരെ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പോസ്റ്ററുകൾ പതിച്ചതു കണ്ടെത്തിയത് നൗഗാം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ്. തുടർന്നു നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്നു സ്ഫോടകവസ്തുക്കൾ പിടികൂടുന്നതും ഡോക്ടർമാർ ഉൾപ്പെടെയുള്ള ഭീകരരെ പിടിയിലാകുന്നതും. ഒക്ടോബറിൽ അറസ്റ്റിലായ ഡോക്ടർമാരിലൊരാളായ അദീൽ അഹമ്മദ് റാത്തർ, കാഷ്മീരിൽ സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കുമെതിരേ വലിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഈ പോസ്റ്ററുകൾ സ്ഥാപിച്ചതായി സമ്മതിച്ചിരുന്നു.
വെള്ളക്കോളർ ഭീകരത
പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പാക്കിസ്ഥാനിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും പ്രവർത്തിക്കുന്ന വിദേശ ഭീകരഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഡോക്ടർമാരും പ്രൊഫഷണലുകളും വിദ്യാർഥികളും ഉൾപ്പെടുന്ന വെള്ളക്കോളർ ഭീകരഘടകത്തെ പോലീസ് പിടികൂടുന്നത്. അദീൽ അഹമ്മദ് റാത്തറെ ചോദ്യം ചെയ്യുന്നതിനിടെ, ഹരിയാന ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോ. മുസമ്മിൽ ഷക്കീലിന്റെ പേര് ഉയർന്നുവന്നു.
ഷക്കീലുമായി ബന്ധപ്പെട്ട വീടുകളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. ഷക്കീലിന്റെ അറസ്റ്റിനെത്തുടർന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായി. അതേ സർവകലാശാലയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടർ ഷഹീൻ സയീദിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം, ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ റോഡിൽ റെഡ് സിഗ്നലിൽ നിർത്തിയ കാറിൽ സ്ഫോടനം ഉണ്ടായി. 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിദേശ ഭീകരസംഘങ്ങളുമായി നേരിട്ടു ബന്ധം പുലർത്തുന്ന ഡോ. ഉമർ നബി ചാവേറായി സ്ഫോടനം നടത്തുകയായിരുവെന്ന് പിന്നീട് കണ്ടെത്തി.

