വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മധ്യവയസ്കനില്‍ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ മധ്യവയസ്കന്റെ പരാതിയില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. ആലുവ റേഷന്‍ കട കവല ഉമപ്പറമ്പില് വിജയ് ഭാര്യ അനുപമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഹംഗറിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത ദമ്പതികള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ആറുവരെയുള്ള കാലയളവില്‍ ഫോണ്‍ പേ ,അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പണം കൈപ്പറ്റിയിട്ടുള്ളത്. ബംഗളൂരുവിലുള്ള വേഗ കണ്‍സള്‍ട്ടന്‍സിയുടെ സബ് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ മധ്യ വയസ്കനെ പരിചയപ്പെട്ടത്.
പണം നല്‍കിയിട്ടും ജോലി തരപ്പെടുത്തി നല്‍കാതെ വന്നതോടെ നല്കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ പണം നല്കാന് തയാറായില്ല. ഞാറക്കലുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ് പരാതിക്കാരന് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ദമ്പതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.