സ്വന്തം ലേഖകന്‍
കൊച്ചി: ജില്ലയില്‍ പതിനാല് മണ്ഡലങ്ങളില്‍ 11 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. ഇവയില്‍ കഴിഞ്ഞ തവണ പരാജയം രുചിച്ച നാല് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.
കൊച്ചി, വൈപ്പിന്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തറ എന്നിവയാണ് നാല് മണ്ഡലങ്ങള്‍. ഇത്തവണ ഇവിടെ മത്സരം കടുക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. തൃപ്പൂണിത്തുറ സീറ്റിനായി മുന്‍ മന്ത്രി കെ ബാബു തന്നെ സജീവമായി രംഗത്തുണ്ട്.
മറ്റു ചിലരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും കെ. ബാബുവിന്റെ സാന്നിധ്യം മണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. ബാര്‍കോഴയില്‍ പെട്ടു പരാജയപ്പെട്ടതിന്റെ ക്ഷീണമെല്ലാം മറന്നാണ് കെ. ബാബു ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്.
മറ്റു യുവനേതാക്കളുടെ പേരുകളും സജീവമായി മണ്ഡലത്തിലുണ്ട്. ഏറ്റവും സജീവമായി പറയപ്പെടുന്ന പേരുകളിലൊന്നു ഡിസിസി ജനറല്‍ സെക്രട്ടറി എ.ബി. സാബുവിന്റേതാണ്.2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴ വിഷയത്തില്‍ കെ. ബാബു ആരോപണങ്ങള്‍ നേരിടവെയാണ് മണ്ഡലത്തില്‍ യുവ നേതാവായ സ്വാരാജിനെ ഇറക്കാന്‍ സിപിഎം തിരുമാനിച്ചത്.
സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍ പിഴച്ചില്ലെന്ന് മാത്രമല്ല 4467 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം. സ്വരാജ് വിജയിച്ച് കയറുകയും ചെയ്തു.ഇക്കുറിയും സ്വരാജ് തന്നെയാകും ഇവിടെ സിപിഎം സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചു പിടിക്കേണ്ടതു കോണ്‍ഗ്രസിന്റെ ആവശ്യമാണ്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ തവണ 1086 വോട്ടിനാണ് ഡൊമനിക് പ്രസന്റേഷന് പരാജയം രുചിച്ചത്. വിമത ശബ്ദവും സഭ നിലപാടുമായിരുന്നു തിരിച്ചടിയായത്. യുഡിഎഫ് വിമതനായ കെ.ജെ. ലീനസിന് 7558 വോട്ടുകള്‍ ലഭിച്ചിരുന്നു.
ഇത്തവണ പക്ഷേ മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്ന് ഡൊമനിക് വ്യക്തമാക്കി കഴിഞ്ഞു. ഒരു വട്ടം കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും വൈപ്പിനിലാണ് ഡൊമനിക് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ലത്തീന്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് ഡൊമനിക് കരുതുന്നു.
അതേസമയം കൊച്ചിയില്‍ ടോമിണി ചമ്മിണിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ കൊച്ചി മേയര്‍ കൂടിയായ ചമ്മിണി പുതുമുഖമാണെന്നും അനുകൂല ഘടകമായി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.