തിരുവനന്തപുരം/കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും മെമ്പറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഐഎഎസ് ഉദ്യോഗഥൻ ഡോ. ബി. അശോക് സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു.
ബി. അശോക് ഫയല്‍ ചെയ്ത കേസില്‍ എതിര്‍കക്ഷികളായ കെ.ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ ഗവൺമെന്റ് സെക്രട്ടറി എന്നിവര്‍ക്ക് 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസ് ഉത്തരവായി.
തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ നിയമപ്രകാരം നിയമിതനായ കെ. ജയകുമാര്‍ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്ന് പ്രഖ്യാപിക്കാനാണ് ഡോ. ബി. അശോക് ഹര്‍ജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
കെ. ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ ഗവൺമെന്റ് (ഐഎംജി) എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ ആയി കേരള സര്‍ക്കാര്‍ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോര്‍ഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തപ്പോഴും തുടര്‍ന്ന് ഇപ്പോഴും കെ. ജയകുമാര്‍ സര്‍ക്കാര്‍ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകള്‍ നിരത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഐഎംജി ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയതു ചട്ടലംഘനമാണ്. ഇരട്ടപ്പദവിയാണ് ജയകുമാര്‍ വഹിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുള്ള (ഓട്ടോണമി) സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.
നിയമത്തിലെ ഏഴാം വകുപ്പില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളാകുന്നവര്‍ക്കുള്ള വിവിധ അയോഗ്യതകള്‍ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്.നിയമസഭയിലെ ഹിന്ദുമത വിശ്വാസികളായ എംഎല്‍എമാര്‍ ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുത്ത് വന്നിരുന്ന ചട്ടം ഭേദഗതി ചെയ്ത് ഹിന്ദു മത വിശ്വാസികളായ മന്ത്രിമാര്‍ തെരഞ്ഞെടുക്കുന്ന നിലയിലേക്ക് മാറ്റിയിരുന്നു. മന്ത്രിസഭയിലെ ന്യൂനപക്ഷം മന്ത്രിമാരിലേക്ക് ആ അവകാശം എത്തിച്ചേര്‍ന്നു.
ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്ര സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് നിയമത്തില്‍ അയോഗ്യത പറയുന്ന വ്യക്തിയെ നിയമിച്ചതിലൂടെ സംഭവിച്ചത്. ഹര്‍ജി കക്ഷിക്കു വേണ്ടി അഡ്വ. ബോറിസ് പോള്‍, അഡ്വ. സാജന് സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി.

