തിരുവനന്തപുരം: സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമുണ്ടായേക്കില്ല. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണു കടകംപള്ളിക്കെതിരേ പരാതി നൽകിയത്.
പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നാണു പോലീസ് നിലപാട്. ഇല്ലെങ്കിൽ ഇതു സംബന്ധിച്ച തെളിവുകൾ പരാതിക്കാരൻ നേരിട്ടു ഹാജരാക്കിയാൽ മാത്രമേ കേസെടുക്കാനാകൂ. ഇത്തരം നിയമോപദേശമാണു പോലീസ് മേധാവിക്കു ലഭിച്ചതെന്നാണു സൂചന.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിവന്നിരുന്ന ആളുമായ ഇര പ്രമുഖ മാധ്യമങ്ങൾ വഴി കടകംപള്ളി സുരേന്ദ്രനെതിരേ ഉന്നയിച്ച ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം. മുനീർ ഡിജിപിക്കു പരാതി നൽകിയത്.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അല്ലാതെ ഡിവൈഎഫ്ഐ നേതാക്കൾ അടക്കമുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ കേസെടുക്കുകയും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.