പൂച്ചാക്കല്‍: ചുടുകാട്ടുംപുറം – ഉളവയ്പ് നിവാസികളുടെ ഏക ആശ്രയമായ കടത്തുവള്ളം നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.
പാലം വരും എന്നത് വാഗ്ദാനം മാത്രവുമായി. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചുടുകാട്ടുംപുറത്തുനിന്ന് ഉളവയ്പിലേക്കുള്ള കടത്തുവള്ളമായിരുന്നു ഏക ആശ്രയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഫെറിയില്‍ പഞ്ചായത്തുവക കടത്തുവള്ളം സര്‍വീസ് നടത്തിയിരുന്നതാണ്. വല്യാറ പാലം വന്നതോടെ കടത്തുവള്ളം പഞ്ചായത്ത് നിര്‍ത്തിവച്ചു.
തൈക്കാട്ടുശേരി പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഉളവയ്പ് മേഖല. ഉളവയ്പ് നിവാസികള്‍ക്ക് ഔദ്യോഗികമായ എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും തൈക്കാട്ടുശേരിയില്‍ എത്തേണ്ടതുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തൈക്കാട്ടുശേരി ഭാഗത്താണ് പ്രവൃര്‍ത്തിക്കുന്നത്.
നിലവില്‍ വല്യാറ പാലം വഴിയോ പള്ളിവെളി വഴി ചുറ്റിത്തിരിഞ്ഞോ ആണ് ഉളവയ്പിലെ ജനങ്ങള്‍ തൈക്കാട്ടുശേരിയില്‍ എത്തുന്നത്. ഒരുപാട് ചുറ്റിക്കറങ്ങി വേണം വല്ലാറ പാലം വഴി തൈക്കാട്ടുശേരിയില്‍ എത്തിപ്പെടാന്‍. ഉളവയ്പ്-ചുടുകാട്ടുംപുറം ഫെറി വഴി കടത്തുവള്ളം സര്‍വീസുണ്ടെങ്കില്‍ എളുപ്പം തൈക്കാട്ടുശേരിയില്‍ എത്താന്‍ കഴിയുമെന്നാണ് ഉളവയ്പു നിവാസികള്‍ പറയുന്നത്.
ഈ ഭാഗത്ത് കായലിന് ചെറിയ ദൂരമേയുള്ളൂ എന്ന സവിശേഷതയുമുണ്ട്. നിലവില്‍ ആളുകള്‍ നടന്നുപോകുന്ന വല്യാറപ്പാലം തകര്‍ച്ചയിലുമാണ്.കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ വല്യാറപ്പാലം പുനര്‍നിര്‍മിക്കാന്‍ തുക ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രവൃത്തികളൊന്നും നടന്നിട്ടില്ല.