കേരളത്തിന്റെ പ്രിയങ്കരനായ ഒരു അനുഗൃഹീത കലാകാരൻ (കലാഭവൻ നവാസ്) നമ്മെ വിട്ടുപിരിഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും, ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ അദ്ദേഹം അന്ന് ഹോസ്പിറ്റലിൽ പോയില്ല. സ്വന്തം ജോലിയോട് അദ്ദേഹം കാണിച്ച ആത്മാർഥതയെ വളരെ ആദരപൂർവം കാണുന്നു എന്ന് തിരക്കഥാകൃത്ത് ബോബി. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന തോന്നൽ വേദനയുണ്ടാക്കുകയും ചെയ്യുന്നു .
നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുതാത്ത ഒരു രോഗലക്ഷണമാണ്- പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുന്നവ. പല കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന വരാമെങ്കിലും, ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണ് ഏറ്റവും അപകടകാരി. പക്ഷേ അത് ഹൃദ്രോഗം തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കിൽ ഇസിജി, രക്തപരിശോധന തുടങ്ങിയ ടെസ്റ്റുകൾ ആദ്യം ചെയ്യേണ്ടിവരും.
അഥവാ ഹൃദ്രോഗമല്ലെങ്കിൽക്കൂടി വേദനയുടെ കാരണം ഒരു ഡോക്ടർക്കു കണ്ടുപിടിക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക എന്നതാണ് അത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യേണ്ടത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവ കൂടുതൽ ഉള്ളവരും പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും പുകവലിക്കുന്നവരും നെഞ്ചുവേദനയെ ഒരിക്കലും നിസാരമായി കാണരുത്. കൃത്യസമയത്തെ രോഗനിർണയവും ചികിത്സയും നമ്മെ രക്ഷിച്ചേക്കാം. കാരണം,നമ്മുടെ ജീവൻ അമൂല്യമാണ് എന്ന് ബോബി പറഞ്ഞു.