ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്കു വലിയ തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് കന്നഡ- 12 ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് (കെഎസ്പിസിബി) നോട്ടീസ് നല്കി.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സില്‍ നിര്‍മിച്ച ബിഗ് ബോസ് സെറ്റ് പരിസ്ഥിതിനിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതോടെ കന്നഡ ബിഗ് ബോസിന്റെ ഭാവി തുലാസിലായി.
സ്റ്റുഡിയോയില്‍നിന്നും ലൊക്കേഷന്‍ പരിസരത്തുനിന്നുമുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതായി കെഎസ്പിസിബി ചെയര്‍ പി.എം. നരേന്ദ്ര സ്വാമി പറഞ്ഞു.
250 കെഎല്‍ഡി ശേഷിയുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ടീം അവകാശപ്പെട്ടിരുന്നുവെങ്കിലും ആ സൗകര്യത്തില്‍ ശരിയായ ആന്തരിക ഡ്രെയിനേജ് കണക്ഷനുകള്‍ ഇല്ലെന്നും എസ്ടിപി യൂണിറ്റുകള്‍ നിഷ്ക്രിയമായി കിടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലൊക്കേഷനില്‍നിന്നു മാലിന്യങ്ങള്‍ തുറന്നുവിടുന്നുണ്ടെന്നും ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.