കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്തു ദേഹപരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകവേ ചാടിപ്പോയ പ്രതി ഇന്നു പുലര്‍ച്ചെ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)നെ യാണ് മലപ്പുറം പുളിക്കലില്‍ പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം.
ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കാപ്പ നിയമപ്രകാരം അജ്മല്‍ ബിലാലിനെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്.
സ്ഥിരം കുറ്റവാളിയായ ഇയാളെ ഒരു വര്‍ഷത്തേക്കു ജില്ലയില്‍ പ്രവേശിക്കുവാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടുവാനോ പാടില്ല എന്ന നിബന്ധനയോടെയാണു കാപ്പ നിയമപ്രകാരം നാടു കടത്തിയത്. എന്നാല്‍ പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു.