കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത അന്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ എം.ഗോപി (56), ഭാര്യ കെ.വി.ഇന്ദിര (54), മകന് രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയമകന് രാഗേഷാണ് (32) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തങ്ങള്‍ ആസിഡ് കഴിച്ചെന്ന് രാഗേഷ് പിതൃസഹോദരനായ നാരായണനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു.
നാരായണന് എത്തിയപ്പോള്‍ ഛര്‍ദിച്ച് അവശരായി കിടക്കുന്ന കുടുംബാംഗങ്ങളെയാണ് കണ്ടത്. ഉടന്‍ തന്നെ നാലുപേരെയും വാഹനത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്നു പേരും വഴിമധ്യേ മരണപ്പെട്ടു. രാഗേഷ് പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത സാമ്പത്തികബാധ്യത മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കര്‍ഷകനും കൂലിത്തൊഴിലാളിയുമായിരുന്നു ഗോപി. രഞ്ജേഷും രാഗേഷും നേരത്തെ ഗള്‍ഫിലായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇരുവരും വീടിനടുത്തായി ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് കട നടത്തിയിരുന്നത്. എന്നാല്‍ നഷ്ടത്തെതുടര്‍ന്ന് അധികം കട അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് രാഗേഷും രഞ്ജേഷും കാഞ്ഞങ്ങാട്ടെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു.