മുണ്ടക്കയം: പാഞ്ഞടുത്ത കാട്ടാനയെക്കണ്ട് അച്ഛാ ഓടിക്കോ, ആന വരുന്നേ എന്ന് അലറി വിളിച്ചോടിയപ്പോള് ആന എന്നെ വിട്ട് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന അച്ഛന്റെ നേരേ ഓടുകയായിരുന്നു. തുമ്പിക്കൈ ഉയര്‍ത്തി ആഞ്ഞടിച്ചതോടെ അച്ഛന് റബര്‍ ചുവട്ടിലേക്ക് പിടഞ്ഞുവീണു. മുണ്ടക്കയം മതമ്പയില്‍ റബര്‍ ടാപ്പിംഗിനിടെ അച്ഛന് പുരുഷോത്തന് ദാരുണമായി മരിച്ചതിന്റെ ഓര്‍മകള്‍ വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന മകന് രാഹുല്‍ വേദനയോടെ ഓര്‍മിച്ചു.
അച്ഛനെ അടിച്ചുവീഴ്ത്തിയശേഷം കാട്ടാന അതേ വേഗത്തിലോടി സമീപം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കാട്ടിലേക്ക് മറഞ്ഞു. വനംപോലെ കാടു കയറിയ എസ്റ്റേറ്റില്‍നിന്ന് ആന എവിടേക്കു പോയെന്നറിയില്ല. ചുറ്റുപാടും തോട്ടങ്ങളായതിനാല്‍ വീടോ താമസക്കാരോ ഇല്ല. കുറച്ചകലെ കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വീണ റബര്‍ മരങ്ങള്‍ മുറിക്കാനെത്തിയ തൊഴിലാളികളെ വിളിച്ചുകൂട്ടി അച്ഛനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു.
കാലങ്ങളായി റബര്‍ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുകയാണ് തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമനും മക്കളും. മൂത്ത മകന് പ്രശാന്ത് മലബാറില്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്നു. ഈ തൊഴിലില്‍നിന്ന് സാമാന്യം തൃപ്തികരമായ സാമ്പത്തിക നേട്ടമുണ്ടാക്കിയാണ് മതമ്പയില്‍ കറുകച്ചാല്‍ സ്വദേശിയുടെ തോട്ടം പാട്ടത്തിനെടുത്തത്.
ഏപ്രിലില്‍ മരം എടുക്കുമ്പോള്‍ സമീപപ്രദേശത്ത് ആനശല്യമുള്ളതായി പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആന തോട്ടത്തിലേക്ക് വരാതിരുന്നതിനാല്‍ പ്രശ്നമില്ലെന്ന് കരുതി. റബര്‍വില മെച്ചപ്പെട്ട സാഹചര്യത്തില്‍ പരമാവധി ദിവസം ടാപ്പിംഗ് നടത്തുകയായിരുന്നു. തമ്പലക്കാട്ടുനിന്നു വാനില്‍ തോട്ടത്തിലേക്ക് പോയി ടാപ്പിംഗ് നടത്തി ഉച്ചകഴിഞ്ഞ് ലാറ്റക്സും ഒട്ടുപാലുമായി മടങ്ങുകയായിരുന്നു പതിവ്.
തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനപാലകര്‍ രാത്രി കാടുകയറ്റി വിട്ടിരുന്നു. അതില്‍നിന്ന് ഒറ്റ തിരിഞ്ഞ ആനയായിരിക്കും പുരുഷോത്തമനെ ആക്രമിച്ചതെന്നു സംശയിക്കുന്നു.
- സാന്റോ ജേക്കബ്