തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ ബാറ്റ്മാനും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതൽ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.
കേരളത്തിന്റെ അണ്ട ർ-19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടി ശ്രദ്ധനേടിയ താരമെന്ന പ്രത്യേകതയും വരുണിനുണ്ട്. കുച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരേ കേരളത്തിനു വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം . ഇന്ത്യ അണ്ട ർ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്സ് എന്നിവയ്ക്കുവേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്.
ദുബായിൽ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ ഇന്ത്യൻസ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂർ ടൈറ്റൻസിന്റെ ഐക്കണ്‍ പ്ലയർ. ട്വിന്റി 20 ക്രിക്കറ്റ് ലീഗിൽ കരുത്തുറ്റ ടീമിനെയാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റർമാർ, മൂന്ന് ഓൾ റൗണ്ടേ ഴ്സ്, നാല് ഫാസ്റ്റ് ബൗളേഴ്സ്, മൂന്ന് സ്പിന്നേഴ്സ് ഉൾപ്പെടുന്നതാണ് തൃശൂർ ടൈറ്റൻസ് ടീം.
മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള കളിക്കാരുടെ ലേലത്തിൽ അക്ഷയ് ചന്ദ്രൻ, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. ഐപിഎൽ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കണ്‍ താരമായി പ്രഖ്യാപിച്ചിരുന്നു.
താര ലേലത്തിൽ 6.2 ലക്ഷം രൂപയ്ക്ക് ബാറ്റ്സ്മാൻ കൃഷ്ണ പ്രസാദിനെയാണ് റിപ്പിൾസ് ഏറ്റവും കൂടുതൽ പണം ചെലവിട്ട് സ്വന്തമാക്കിയത്. അക്ഷയ് ചന്ദ്രൻ (അഞ്ചു ലക്ഷം), വിനൂപ് മനോഹരൻ (3.2 ലക്ഷം), ഫനൂസ് ഫൈസ് (മൂന്നു ലക്ഷം) എന്നിങ്ങനെയാണ് കൂടുതൽ പണം മുടക്കി സ്വന്തമാക്കിയ മറ്റു താരങ്ങൾ.
ഗൾഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോൾ ഷിപ്പിംഗ് സർവീസസിന് പുറമേ റാഫെൽ തോമസ്, നിജി ഇസ്മയിൽ, ഷൈബു മാത്യു എന്നിവരാണ് ടീമിന്റെ ഉടമസ്ഥർ. ശരിയായ കളിക്കാരെ ഏറ്റവും യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ശ്രമിക്കുക എന്നതായിരുന്നു തീരുമാനം.
അത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതായി ടീം ഉടമസ്ഥൻ ടി. എസ്. കലാധരൻ പറഞ്ഞു. മുൻ ഐപിഎൽ ഫാസ്റ്റ് ബൗളർ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിൾസിന്റെ ഹെഡ് കോച്ച്.