കൊച്ചി: നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മികച്ച പഠനമോ തൊഴിലോ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.
അംഗീകൃത ഏജന്‍സികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ അവിടത്തെ തൊഴില്‍രീതികളെക്കുറിച്ചോ, തൊഴില്‍ദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു.
അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്നും പോലീസ് പറയുന്നു.
ഇതു ശ്രദ്ധിക്കാം
പലപ്പോഴും അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ ചതിക്കുഴികളില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. അതില്‍ e MIGRATE ൽ ( https://emigrate.gov.in ) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ മാത്രം ആശ്രയിക്കുക. ചൂഷണത്തില്‍ അകപ്പെടുന്നവര്‍ സാമ്പത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യതകളില്‍നിന്ന് അകറ്റപ്പെടുന്നു.
ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച് അറസ്റ്റ് ചെയ്യപ്പെടാനോ, ജയിലിലടക്കപ്പെടാനോ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനോ സാധ്യതയും ഏറെയാണ്.
സ്വന്തം ലേഖിക