കൊച്ചി: അടിയന്തിര ഘട്ടത്തില്‍ രക്തത്തിനായി വിഷമിക്കേണ്ട. ആശുപത്രിയിലായ ഉറ്റവരുടെ ചികിത്സയ്ക്കായി രക്തം തേടി അലയുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പോലീസിന്റെ പോല്‍ ബ്ലഡ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തമാണ്. 2021 ഏപ്രില്‍ 21ന് തുടങ്ങിയ “പോല്‍ ബ്ലഡ്’ വഴി ആ വര്‍ഷം 7,253 യൂണിറ്റ് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.
2022 ല്‍ 12,926 യൂണിറ്റും 2023 ല്‍ 11,021 യൂണിറ്റും 2024 ല്‍ 10,228 യൂണിറ്റും 2025 ല്‍ 9,035 യൂണിറ്റും രക്തമാണ് ലഭ്യമാക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1,11,063 ബ്ലഡ് ഡോണര്‍മാരാണ് പോല്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. 55,500 പേര് രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 90,825 യൂണിറ്റ് രക്തമാണ് ആവശ്യമായി വന്നത്. പണംവാങ്ങി രക്തം നല്‍കുന്നതിന്റെ പേരില്‍ പരാതികള്‍ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പോലീസ് രക്തദാനത്തിലേക്ക് തിരിഞ്ഞത്.
ഇന്ന് ഒരേ സമയം രക്തദാനം
കേരള പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ഇന്ന് പോള്‍ ബ്ലഡിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ബ്ലഡ് ട്രാന്സ്ഫ്യൂഷന് സൊസൈറ്റിയുമായി സഹകരിച്ച്, കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും സംരക്ഷ രക്തദാന ക്യാമ്പുകള്‍ എന്ന പേരില്‍ ഒരേസമയം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം ഇങ്ങനെ…
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷനായ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്കാന് ഡോണര്‍ എന്ന രജിസ്ട്രേഷന് ഫോറവും രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറവും പൂരിപ്പിക്കണം.
ഏതൊരാള്‍ക്കും, തന്റെ രക്തഗ്രൂപ്പ്, ബന്ധപ്പെടേണ്ട നമ്പര്‍, രക്തം ദാനം ചെയ്യാന്‍ താത്പര്യമുള്ള പ്രദേശം എന്നീ വിവരങ്ങള്‍ നല്കി ‘ദാതാവ്’ ആയി രജിസ്റ്റര്‍ ചെയ്യാം. സ്വീകരണ വിഭാഗത്തില്‍, രക്തഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ യൂണിറ്റ്, ആശുപത്രിയുടെ വിവരങ്ങള്‍, രക്തബാങ്ക് വിവരങ്ങള്‍, രക്തം ആവശ്യമുള്ള തീയതി, സമയം, കൂട്ടിരിപ്പുകാരുടെ വിവരങ്ങള്‍ എന്നിവ നല്‍കിക്കൊണ്ട് അപേക്ഷ സമര്‍പ്പിക്കാം.
രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ കണ്ട്രോള് റൂമില്‍ പോല്‍ ബ്ലഡ് കണ്‍ട്രോള്‍റൂം, രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ള ദാതാവിനെയും, രക്തം ആവശ്യപ്പെട്ടുകൊണ്ട് സ്വീകര്‍ത്താവ് നല്കിയ അപേക്ഷയും തമ്മില്‍ ഏകോപിപ്പിക്കുന്നു. അവര്‍ അപേക്ഷകനെയും, ദാതാവിനെയും ബന്ധപ്പെട്ട് ആവശ്യമായ സേവനം ഉറപ്പാക്കും. അടിയന്തര വിഷയമാണെങ്കില്‍ ദാതാക്കളെ കണ്ടെത്തി ആശുപത്രിയിലേക്ക് ആളുകളെ എത്തിക്കും. അല്ലെങ്കില്‍ സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് ദാതാക്കളെ എത്തിക്കും. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.
സീമ മോഹന്‍ലാല്‍