ചേർത്തല: ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് ആറു സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു. ലക്ഷങ്ങൾ മുടക്കി സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചെയ്യുന്ന ഓപ്പറേഷൻ പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചെയ്തു വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടർമാരും സഹപ്രവർത്തകരും. ആദ്യത്തെ സുപ്രാപ്യൂബിക് സിസ്റ്റോലിത്തോടമി ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല സ്വദേശിയായ 67കാരനെ മൂത്രസഞ്ചിയിലെ വലിയ കല്ല് നീക്കം ചെയ്താണ് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. അസഹ്യമായ വേദനയോടെ എത്തിയ വയോധികന് സ്കാനിംഗിലൂടെയാണ് സർജൻ ഡോക്ടർ മുഹമ്മദ് മുനീർ കല്ല് കണ്ടുപിടിച്ചത്. തുടർന്ന് സ്പെഷലിസ്റ്റ് ആശുപത്രിയിൽ വൻ തുക ചെലവാക്കി ചെയ്യേണ്ട ഓപ്പറേഷൻ ഒരു പൈസ പോലും മുടക്കാതെ താലൂക്ക് ആശുപത്രിയിൽ ചെയ്തു നൽകി.
രോഗിയുടെ ബന്ധുക്കളെ ഓപ്പറേഷന്റെ വിവിധ വശങ്ങൾ പറഞ്ഞു മനസിലാക്കിയശേഷം ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോ സിന്റെ ഏകോപനത്തിൽ ഡോ. മുഹമ്മദ് മുനീർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. നിർമൽ രാജ്, ഡോ. മിഷ, അശ്വതി, സൂര്യ എന്നിവരടങ്ങുന്ന സംഘം അതീവ സങ്കീർണമായ ഓപ്പറേഷൻ നടത്തുകയായിരുന്നു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ ആദ്യമായാണ് സുപ്രാപ്യൂബിക് സിസ്റ്റോലിത്തോടമി വിജയകരമായി നടത്തി നേട്ടം കൈവരിച്ചത്. മണിക്കൂറുകളോളം നീണ്ട ഓപ്പറേഷനുശേഷം പുറത്തെടുത്ത കല്ലിന് ആറ് സെന്റിമീറ്റർ വലിപ്പമുണ്ടായിരുന്നു. സർജറി വിഭാഗം അംഗങ്ങളായ ഡോ. കൃഷ്ണ, ഡോ. അഞ്ജന, ഡോ. മിന്നു, ഡോ. അനഘ എന്നിവരും പങ്കെടുത്തു.