വേദനയോടെയാണ് ചിത്രം കണ്ടിരുന്നത്! കണ്ണൂരിന്റെ രാഷ്ട്രീയം നിക്ഷ്പക്ഷമായി അവതരിപ്പിച്ചിട്ടുണ്ട്; ചിത്രം പറഞ്ഞത് എന്റെ അനുഭവങ്ങളും; ഈടയെക്കുറിച്ച് കെ കെ രമ പറയുന്നതിങ്ങനെ

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈട ചിത്രത്തിന് അഭിനന്ദനവുമായി കെ.കെ രമ. അധികാരവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് കണ്ണീരിന്റെ വര്‍ത്തമാന ചരിത്രത്തിലും രാഷ്ട്രീയത്തിലും കലര്‍ന്നുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്നും ഇത് തന്റെ ജീവിതം തന്നെയാണെന്നും കെ കെ രമ പറഞ്ഞു. അതുതന്നെയാണ് വാസ്തവമെന്നും കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

വേദനയോടെയാണ് ചിത്രം കണ്ടിരുന്നതെന്നും കണ്ണൂരിന്റെ രാഷ്ട്രീയം നിക്ഷ്പക്ഷമായി ചിത്രം അവതരിപ്പിച്ചിട്ടുണ്ടെന്നും രമ അഭിപ്രായപ്പെട്ടു. കൊലപാതകം വ്യാജപ്രതികളെ സൃഷ്ടിക്കല്‍, പകരം കൊലപാതകങ്ങള്‍ അങ്ങിനെ ഒരു ദുഷിച്ച വ്യവസ്ഥയെ സ്ഥാപിച്ച് പരിപാലിച്ചെടുക്കുന്നവരുടെ താത്പര്യങ്ങള്‍ അനാവരണം ചെയ്യപ്പെടണമെന്ന് രമ പറയുന്നു. ചിത്രത്തിന്റെ രാഷ്ട്രീയ പരിശോധനകളില്‍ ചിലപ്പോള്‍ വിയോജിപ്പുകളുണ്ടാകാവുന്നതാണ്.

എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയതയും മനുഷ്യത്വമില്ലാമയും ചിത്രം തുറന്നുകാട്ടുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു ചിത്രമെന്ന നിലയില്‍ പരമാവധി ലക്ഷ്യത്തോട് നീതി പുലര്‍ത്തിയ ചിത്രം കൂടിയാണ് ഈട യെന്നും രമ പറഞ്ഞു. രാഷ്ട്രീയ പോരുകളില്‍ അനാഥമാകുന്ന കുടുംബങ്ങള്‍, കുഞ്ഞുങ്ങള്‍ ,സ്വപ്നങ്ങള്‍ ജീവിതങ്ങള്‍ എന്നിവയെ വളരെ വ്യക്തമായി ചിത്രം ആവിഷ്‌കരിക്കുന്നു. ചിത്രത്തിനായി സംവിധായകന്‍ നടത്തിയ രാഷ്ട്രീയ ചരിത്രാന്വേഷണത്തിന് അഭിനന്ദങ്ങള്‍ നേര്‍ന്നുകൊണ്ടാണ് കെ കെ രമ തന്റെ പ്രതികരണം പൂര്‍ത്തിയാക്കിയത്.

 

 

Related posts