കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. കൊച്ചിയിലെ ലിറ്റ്മസ് 7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വേണു ഗോപാലകൃഷ്ണനും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കുമെതിരേ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസു കൂടി എടുത്തിട്ടുണ്ട്.
യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഹണി ട്രാപ്പ് കേസില്‍ യുവതിക്കും ഭര്‍ത്താവിനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കിയിരുന്നു.
സിഇഒ തന്നെ കുടുക്കിയതാണെന്ന് യുവതി
സിഇഒ തന്നെ കുടുക്കിയതാണെന്നാണ് പരാതിക്കാരിയായ യുവതി ആരോപിക്കുന്നത്. പരാതി നല്കിയാല് ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നാണ് യുവതി പറയുന്നത്.
പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭര്‍ത്താവിനെയും ഹണിട്രാപ്പ് കേസില്‍ കുടുക്കിയത്. ഒരു വര്‍ഷത്തിലധികം താന്‍ തൊഴിലിടത്തിലും ലൈംഗിക ഉപദ്രവം നേരിട്ടുവെന്ന് യുവതി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. സിഇഒ യുഎസില്‍ വെക്കേഷനു പോയ സമയത്ത് സെക്സ് ചാറ്റ് നടത്തണമെന്നാവശ്യപ്പെട്ട് സന്ദേശം അയച്ചു. അതോടൊപ്പം അയാളുടെ വണ്‍ ടൈം അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചു തന്നു. തുടക്കം മുതല്‍ താന്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്.
ഔദ്യോഗിക ആവശ്യത്തിനായുള്ള യാത്രയില്‍ ഇയാള്‍ പലപ്പോഴും മോശമായി പെരുമാറി. സിങ്കപ്പൂരിലേക്ക് പോയ സമയത്ത് എല്ലാ രാത്രികളിലും താമസിച്ച ഹോട്ടലിന്റെ വാതിലില്‍ വന്നു പല തവണ മുട്ടി. താന്‍ വാതില്‍ തുറക്കാതെയിരുന്നു. മറ്റൊരിക്കല്‍ കമ്പനിയില്‍ നിന്നുള്ള മറ്റുള്ളവരുമായുള്ള യാത്രയില്‍ ലെസ്ബിയന്‍ ആക്ട് അയാള്‍ക്കു മുന്നില്‍ കാണിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു.
അവര്‍ അന്ന് തന്നെ വ്യക്തിപരമായ ആവശ്യമുണ്ടെന്നു പറഞ്ഞ് അവിടെ നിന്നു മടങ്ങിയതായും പറയുന്നു. സിങ്കപ്പൂര്‍ യാത്ര കഴിഞ്ഞു മടങ്ങി വന്നതിനുശേഷം മുതല്‍ ഇയാള്‍ തന്നെ കാബിനിലിരുത്താതെ പുറത്തേക്ക് മാറ്റിയതായും യുവതി ആരോപിക്കുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ എല്ലാം തന്റെ പക്കലുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്.
- സ്വന്തം ലേഖിക