നീണ്ട ഇടവേളയ്ക്കുശേഷം കൊച്ചി തീരത്ത് വീണ്ടും ആഡംബര കപ്പലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 709 വിനോദസഞ്ചാരികളുമായി എംവി വേൾഡ് ഒഡീസി കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്.
ദ്വീപുരാഷ്ട്രമായ ബഹാമസിൽനിന്നുള്ള ആഡംബര കപ്പലാണിത്. പോർട്ട് ലൂയിസിൽനിന്നാണ് യാത്രക്കാരുമായി കൊച്ചിയിലേക്കെത്തിയത്. 176 ജീവനക്കാരും കപ്പലിലുണ്ട്.
കപ്പലിലെ സഞ്ചാരികളെ കൊച്ചിൻ പോർട്ട് അധികൃതർ സ്വീകരിച്ചു. സഞ്ചാരികൾ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. 23ന് വിയറ്റ്നാമിലേക്കാണ് എംവി വേൾഡ് ഒഡീസി യാത്ര തുടരുക.
കൊളംബോയിൽനിന്നു സെലിബ്രിറ്റി മില്ലേനിയം ആഡംബര കപ്പൽ 21ന് കൊച്ചിയിലെത്തും. 2034 യാത്രക്കാരുമായെത്തുന്ന കപ്പൽ പിറ്റേന്നു മുംബൈയിലേക്കു പോകും.

