കൊച്ചി: സ്വകാര്യ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവിന്റെ (47) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷ് കഴിയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്.
സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതിനാല്‍ വെന്റിലേറ്റര്‍ സഹായം കുറച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടക്കത്തില്‍ നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിയതിനുശേഷം രക്തസമ്മര്‍ദം സാധാരണ നിലയിലായി.
ഇന്നലെ രാവിലെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇഇജി പരിശോധന നടത്തി. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയ പുരോഗതി കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.