കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില് കോടതിയില് കീഴടങ്ങിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില് സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള് ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂര് കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം നോര്ത്ത് പോലീസ് ചോദ്യം ചെയ്യുന്നത്.
ഇന്നലെയാണ് ഇയാളെ അഡീഷണല് സിജെഎം കോടതി ഇയാളെ നോര്ത്ത് പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. സിനിമാമേഖലയില് പ്രവര്ത്തിക്കുന്ന യുവതി നല്കിയ പരാതിയില് പ്രശോബിനെ പ്രതിയാക്കി നോര്ത്ത് പോലീസ് കേസെടുത്തിരുന്നു. സ്വകാര്യദൃശ്യങ്ങള് പലര്ക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി പരാതി നല്കിയത്.
വിവാഹവാഗ്ദാനം നല്കിയായിരുന്നു പീഡനവും ദൃശ്യങ്ങള് പകര്ത്തലും. ഐ.ടി ആക്റ്റ് ഉള്പ്പെടെ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഇയാള് ഒളിവില് പോയി. എന്നാല്, എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇയാളുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നലെ അഭിഭാഷകന് മുഖേന ഹാജരാകുകയായിരുന്നു. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. തുടര്ന്നാണ് എറണാകുളം നോര്ത്ത് പോലീസിനെ വിളിച്ചുവരുത്തി നാല് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില് വിട്ടത്.
മോഡലിംഗ്, പരസ്യ ചിത്രങ്ങളില് അവസരം നല്കാമെന്ന് പറഞ്ഞാണ് ഇയാള് യുവതികളെ പ്രലോഭിപ്പിക്കുന്നത്. തുടര്ന്ന് വിവാഹവാഗ്ദാനം നല്കി സ്വകാര്യചിത്രങ്ങള് പകര്ത്തും. അത് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായിരുന്നു രീതി.